| Friday, 23rd September 2016, 10:01 am

പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് ബാലനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

” പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് എന്റെ മകനെ ഒരു സംഘമാളുകള്‍ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോകുകയായിരുന്നു.” കുട്ടിയുടെ പിതാവ് പറഞ്ഞു.


ആഗ്ര: പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് ബാലന് മേല്‍ജാതിക്കാരുടെ ക്രൂരമര്‍ദ്ദനം. 16 വയസുള്ള ദളിത് ബാലനാണ് മര്‍ദ്ദനത്തിന് ഇരയായത്.

15ഓളം വരുന്ന മേല്‍ജാതിക്കാര്‍ കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിച്ചതായും ബന്ധുക്കള്‍ പറയുന്നു.

വ്യാഴാഴ്ച വൈകുന്നേരം ആഗ്ര ജില്ലയിലെ ബാസ് കേസി ഗ്രാമത്തിലായിരുന്നു സംഭവം. കുട്ടിയെ എസ്.എന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

” പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് എന്റെ മകനെ ഒരു സംഘമാളുകള്‍ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോകുകയായിരുന്നു.” കുട്ടിയുടെ പിതാവ് പറഞ്ഞു.

കുട്ടിയുടെ അമ്മ മകന് ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോഴായിരുന്നു അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. ഉപദ്രവിക്കരുതെന്ന തങ്ങള്‍ കേണപേക്ഷിച്ചിട്ടും അവര്‍ കുട്ടിയെ മര്‍ദ്ദിച്ചു. പിന്നീട് കുട്ടിയെ ബസ് കേസി ഗ്രാമത്തില്‍ കൊണ്ടുപോയി ഒരു മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് പൊലീസിനെ സമീപിച്ചെങ്കിലും മൂന്നു മണിക്കൂറിനുശേഷമാണ് പൊലീസ് എത്തിയതെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. കുട്ടിയെ മര്‍ദ്ദിക്കുന്നതു കണ്ട് മറ്റു ഗ്രാമീണരാണ് കുട്ടിയെ രക്ഷിച്ചത്. ബോധമറ്റ നിലയിലായിരുന്നു കുട്ടിയപ്പോള്‍.

റിങ്കു യാദവ്, മഹേഷ് യാദവ്, നിഷു യാദവ്, അഷി യാദവ്, സച്ചിന്‍ യാദവ് തുടങ്ങിയവരാണ് മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. മറ്റുചിലരെക്കൂടി തിരിച്ചറിയാനുണ്ടെന്നും കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടു കിട്ടിയതിനുശേഷം ആവശ്യമായ സെക്ഷന്‍സ് ഉള്‍പ്പെടുത്തുമെന്നും ബര്‍ഹാന്‍ സ്റ്റേഷന്‍ ഓഫീസര്‍ യോഗേന്ദ്ര യാദവ് പറഞ്ഞു.

We use cookies to give you the best possible experience. Learn more