തിരുവനന്തപുരം: അഡ്മിഷന്‍ നിഷേധിച്ചതിനെതിരെ ദളിത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് സംഭവം.
മെറിറ്റ് ലിസ്റ്റില്‍ ആദ്യ സ്ഥാനക്കാരായ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. സ്‌കൂള്‍ സൂപ്രണ്ടിനെ ഉപരോധിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.
സൂപ്രണ്ടിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് തങ്ങളെ പുറത്താക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. പട്ടികജാതി കമ്മീഷന്റെ ഉത്തരവ് അവഗണിച്ചാണ് അഡ്മിഷന്‍ നിഷേധിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ജീവനക്കാര്‍ മഴയത്ത് നിര്‍ത്തിയെന്ന് പരാതി ഉയര്‍ന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.
റാങ്ക് പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികളാണ് അയ്യങ്കാളി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിനെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ ചര്‍ച്ചയ്ക്കായി വിളിച്ചു. ഈ സമയത്ത് ജീവനക്കാര്‍ കുട്ടികളെ മഴയത്ത് നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
2018ൽ വെള്ളായണി അയ്യൻകാളി മെമ്മോറിയൽ സ്പോർട്സ് സ്കൂളിനെ സംയോജിത സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്താൻ പട്ടികജാതി-പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ശുപാർശ ചെയ്തിരുന്നു. 2002ലാണ് സ്കൂൾ സ്ഥാപിതമായത്.
Content Highlight: Dalit students protest against denial of admission in Thiruvananthapuram