| Tuesday, 27th September 2022, 5:05 pm

അക്ഷരം തെറ്റി; അധ്യാപകന്റെ മര്‍ദനത്തില്‍ ദളിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അക്ഷരത്തെറ്റിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഔരിയ്യയിലാണ് സംഭവം. പ്രതിയെ കണ്ടെത്താനായിട്ടില്ല. നിഖില്‍ ദോഹ്‌റെ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.

സെപ്റ്റംബര്‍ ആദ്യവാരമായിരുന്നു സംഭവം. ക്ലാസ് ടെസ്റ്റ് നടത്തുന്നതിനിടെ സോഷ്യല്‍ (SOCIAL) എന്ന വാക്ക് തെറ്റിച്ചതിനാണ് അധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്.

അക്ഷരത്തെറ്റ് ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ കുട്ടിയെ വടികൊണ്ട് അടിക്കുകയും ബോധരഹിതനായി വീഴുന്നത് വരെ ചവിട്ടുകയുമായിരുന്നു എന്ന് പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കുട്ടിയുടെ ചികിത്സക്കുള്ള ആദ്യതുക അധ്യാപകന്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് കടന്നുകളയുകയായിരുന്നുവെന്നും ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കുട്ടി മരണപ്പെട്ടത്.

അതേസമയം പ്രതി ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മഹേഷ് പ്രതാപിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിഖിലിന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് ജനരോഷം ശക്തമായിരുന്നു. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് തന്നെ പ്രതിയെ പിടികൂടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തില്‍ പ്രതിഷേധിച്ചതിന് നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Content Highlight: Dalit student thrashed to death by his teacher for misspelling a word in the class test

We use cookies to give you the best possible experience. Learn more