ലഖ്‌നൗ: ബനാറസ് ഹിന്ദു സർവലാശാലയിൽ പി.എച്ച്.ഡി പ്രവേശനം നിഷേധിച്ചതിന് പിന്നാലെ വൈസ് ചാൻസലറുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി ദളിത് വിദ്യാർത്ഥി. കഴിഞ്ഞ 14 ദിവസമായി ദളിത് വിദ്യാർത്ഥിയായ ശിവം സോങ്കർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ വസതിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തുകയാണ്.
ബനാറസ് ഹിന്ദു സർവലാശാലയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് പീസ് ആൻ്റ് കോൺഫ്ലിക്റ്റ് ആറ് സീറ്റുകൾ പ്രഖ്യാപിച്ചിരുന്നുവെന്നും അതിൽ മൂന്നെണ്ണം ജെ.ആർ.എഫ് വിദ്യാർത്ഥികൾക്കായി നീക്കിവെച്ചിട്ടുണ്ടെന്നും ശിവം സോങ്കർ പറയുന്നു. മറ്റ് മൂന്ന് സീറ്റുകൾ പ്രവേശന പരീക്ഷയിലൂടെയാണ് പ്രഖ്യാപിക്കുകയെന്നും ശിവം സോങ്കർ പറഞ്ഞു.
പ്രവേശന പരീക്ഷയിലൂടെ പി.എച്ച്.ഡിക്ക് അപേക്ഷിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രവേശന പരീക്ഷാ വിഭാഗത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഉണ്ടായിരുന്നില്ല. ലഭ്യമായ മൂന്ന് സീറ്റുകൾ ജനറൽ, ഒ.ബി.സി വിദ്യാർത്ഥികൾക്ക് സർവകലാശാല നൽകി.
കൂടാതെ ജെ.ആർ.എഫ് വിദ്യാർത്ഥികൾക്കായി നീക്കിവെച്ചിരുന്ന സീറ്റുകളിൽ വിദ്യാർത്ഥികൾ എത്തിയിട്ടുമില്ല. അങ്ങനെ വിദ്യാർത്ഥികൾ എത്തിയില്ലെങ്കിൽ ആ സീറ്റ് മറ്റ് വിദ്യാർത്ഥികൾക്ക് നൽകാനുള്ള അധികാരം സർവകലാശാലക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ തന്റെ കാര്യത്തിൽ അത് ചെയ്യാൻ സർവകലാശാല അധികാരികൾ വിസമ്മതിച്ചു. തുടർന്ന് പി.എച്ച്.ഡി പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് മുതൽ (മാർച്ച് 21 ) അദ്ദേഹം തന്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
പ്രവേശന അപേക്ഷ പുനപരിശോധിക്കുമെന്ന് ആക്ടിങ് വൈസ് ചാൻസലർ പ്രൊഫസർ സഞ്ജയ് കുമാർ ഏപ്രിൽ മൂന്നിന് തനിക്ക് ഉറപ്പ് നൽകിയതായി സോങ്കർ പറഞ്ഞു. എന്നാൽ, സർവകലാശാല പ്രവേശനം അനുവദിക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പിന്നാലെ സോങ്കറുടെ വാദങ്ങൾ നിഷേധിച്ചുകൊണ്ട് സർവകലാശാല പുതിയ പ്രസ്താവന ഇറക്കി. ‘സോങ്കർ റിസർച്ച് എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനത്തിന് അപേക്ഷിച്ചുവെന്നും അതിൽ രണ്ട് സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ജനറലും ഒ.ബി.സിയുമായിരുന്നു. അതിനാൽ സീറ്റുകൾ ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിക്കും ഒ.ബി.സി വിദ്യാർത്ഥിക്കും നൽകി. അതുകൊണ്ട് തന്നെ രണ്ടാം റാങ്ക് ലഭിച്ചതിനാൽ അദ്ദേഹത്തിന് പ്രവേശനം നേടാൻ കഴിഞ്ഞില്ല,’ പ്രസ്താവനയിൽ പറയുന്നു.
പി.എച്ച്.ഡി ചട്ടങ്ങൾ അനുസരിച്ച്, ജെ.ആർ.എഫ് സീറ്റുകൾ സാധാരണ സീറ്റുകളാക്കി മാറ്റാനാവില്ലെന്നും കൂടാതെ സോങ്കറിന് രണ്ടാം റാങ്ക് ആയതിനാൽ പ്രവേശനം അനുവദിക്കാൻ കഴിയില്ലെന്നും സർവകലാശാല പറഞ്ഞു.
Content Highlight: Dalit student’s sit-in at BHU seeking PhD admission enters Day 14