ചെന്നൈ: തമിഴ്നാട്ടില്‍ ബുള്ളറ്റില്‍ യാത്ര ചെയ്തതിന് ദളിത് യുവാവിന്റെ കൈവെട്ടി മൂന്നംഗ സംഘം. ശിവഗംഗയില്‍ ബി.എസ്.എസ് വിദ്യാര്‍ത്ഥിയായ അയ്യാസ്വാമി (21)യെയാണ് ഇതരജാതിക്കാര്‍ ആക്രമിച്ചത്. ശിവഗംഗ ജില്ലയിലെ മേലപിഡാവൂര്‍ ഗ്രാമത്തിലാണ് സംഭവം.
‘ഞങ്ങളുടെ മുന്നിലൂടെ ബുള്ളറ്റ് ഓടിച്ച് പോകാനായോ നീ’ എന്ന് ആക്രോശിച്ചാണ് മൂന്നംഗ സംഘം വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. കോളേജില്‍ നിന്ന് മടങ്ങുന്നതിനിടയാണ് അതിക്രമം നടന്നത്. വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് പിന്നാലെ മൂന്നംഗ സംഘം സ്ഥലം വിടുകയും ചെയ്തു.
വിദ്യാര്‍ത്ഥിയുടെ നിലവിളി കേട്ട് സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ തിരിച്ചെത്തിയ അക്രമികള്‍ വിദ്യാര്‍ത്ഥിയുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തു. കുടുംബാംഗങ്ങള്‍ ആശുപത്രിയിലിരിക്കെയാണ് അക്രമികള്‍ വീട് തകര്‍ത്തത്.
സംഭവത്തില്‍ വിനോദ് (21), ആദി ഈശ്വരന്‍ (20), വല്ലരശ് (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
ബി.എന്‍.എസ് 296 (1), 126 (2), 118 (1), 351 (3), എസ്.സി/എസ്.ടി നിയമത്തിലെ 3(1)(ആര്‍)(എസ്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരായ കേസ്. പ്രതികള്‍ കൊലപാതകം, മോഷണം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
നിലവിലെ വിവരമനുസരിച്ച്, വിദ്യാര്‍ത്ഥിക്ക് ശാസ്ത്രകിയ നടന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് യുവാവിന് പിതൃസഹോദരന്‍ ബുള്ളറ്റ് സമ്മാനമായി നല്‍കിയിരുന്നു. ഈ ബുള്ളറ്റും ഇതരജാതിക്കാര്‍ തകര്‍ത്തിരുന്നു. ഇതിനെതിരെ കേസ് നിലനിലക്കെയാണ് മൂന്നംഗ സംഘം യുവാവിന്റെ കൈ വെട്ടിയത്.
ഗ്രാമത്തില്‍ വര്‍ഷങ്ങളായി ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് അയ്യാസ്വാമിയുടെ ബന്ധു മുനിയസാമി പ്രതികരിച്ചു. യുവാവിന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Dalit student’s hand hacked off by highcastes for riding a bullet in Tamil Nadu