| Saturday, 26th August 2023, 12:24 pm

രാജസ്ഥാനില്‍ ദളിത് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; രണ്ട് അധ്യാപകര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ദളിത് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു. കോട്പുടലി-ബെഹ്‌റുര്‍ ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സച്ചിന്‍ കുല്‍ദീപിനെയാണ് ഓഗസ്റ്റ് 22ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവേക്, രാജ്കുമാര്‍ എന്നീ അധ്യാപകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി സെഷന്‍ 302 (കൊലപാതകം), 34 എന്നീ വകുപ്പുകളും പട്ടികജാതി പട്ടികവര്‍ഗ നിയമം പ്രകാരവുമാണ് പരഗ്പുര പൊലീസ് സ്റ്റേഷന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക നേതാവ് സച്ചിന്‍ മുണ്ടോടി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വിവേക്, രാജ്കുമാര്‍ എന്നീ അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന് സച്ചിന്‍ കരഞ്ഞുകൊണ്ട് ഫോണിലൂടെ പറഞ്ഞിട്ടുണ്ടെന്ന് ബന്ധുവായ സത്യപാല്‍ കുല്‍ദീപ് പറഞ്ഞു. കുറച്ച് ദിവസങ്ങളായി സഹപാഠികളുടെ മുന്നില്‍ വെച്ച് അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘വിവേക്, രാജ്കുമാര്‍ എന്നീ അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന് അവന്‍ കരഞ്ഞുകൊണ്ട് ഫോണ്‍ ചെയ്ത് പറഞ്ഞു. കുറച്ച് ദിവസങ്ങളായി സഹപാഠികളുടെ മുന്നില്‍ അപമാനിക്കുന്നതായും അവന്‍ പറഞ്ഞിട്ടുണ്ട്.

പ്രിന്‍സിപ്പാളിനും വൈസ് പ്രിന്‍സിപ്പാളിനും അവന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നീ ഈ ജാതി തന്നെയല്ലേ, അതില്‍ എന്താണ് തെറ്റാണെന്നാണ് അവര്‍ ചോദിച്ചത്,’ അദ്ദേഹം പറഞ്ഞു.

ഫോണ്‍ കോളുകള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം സച്ചിന്‍ ക്ലാസ് മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിറ്റേന്ന് രാവിലെ 10ബിയുടെ ഫാനില്‍ ശുചീകരണ തൊഴിലാളിയാണ് സച്ചിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരം സ്‌കൂള്‍ അധികൃതര്‍ തങ്ങളെ അറിയിച്ചില്ലെന്നും രാവിലെ എട്ട് മണിയോടെ പൊലീസാണ് വിവരം അറിയിച്ചതെന്നും കുടുംബം ആരോപിച്ചു.

‘രാവിലെ പത്ത് മണിയോടെയാണ് ഞങ്ങള്‍ സ്‌കൂളിലെത്തിയത്. പ്രിന്‍സിപ്പാളോടും വൈസ് പ്രിന്‍സിപ്പാളോടും സച്ചിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഒരു മണിക്കൂറിന് ശേഷം സച്ചിന് സുഖമില്ലെന്നും പവോട്ട ആശുപത്രിയിലേക്ക് മാറ്റിയെന്നും അവര്‍ പറഞ്ഞു,’ സത്യപാല്‍ പറഞ്ഞു.

മരിക്കുന്ന ദിവസം രണ്ട് അധ്യാപകരാല്‍ സച്ചിന് അപമാനിതനായെന്ന് സഹപാഠി പറഞ്ഞതായും സത്യപാല്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷകളില്‍ മോശം മാര്‍ക്ക് നല്‍കി അവര്‍ സച്ചിനെ ഭീഷണിപ്പെടുത്താറുണ്ടെന്നും സത്യപാല്‍ പറയുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ സംശയാസ്പദമാണെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം ഓഗസ്റ്റ് 22ന് വൈകുന്നേരം രാജ്കുമാറിനും വിവേകിനുമൊപ്പം സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സച്ചിന്‍ കുല്‍ദീപിനെയും ദില്‍കുഷ് എന്ന വിദ്യാര്‍ത്ഥികളെയും ഒരുമിച്ച് കണ്ടതായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. അധ്യാപകനായ രാജ്കുമാര്‍ സച്ചിനെ രണ്ട് വട്ടം അടിച്ചുവെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും അവര്‍ പറഞ്ഞു.

‘തന്റെ തെറ്റ് താന്‍ അംഗീകരിക്കുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. എന്നാല്‍ ജാതീയമായി അധിക്ഷേപിക്കുന്ന സാറും തന്റെ തെറ്റ് അംഗീകരിക്കണമെന്ന് അവന്‍ ആവശ്യപ്പെട്ടു. എന്താണ് അധിക്ഷേപമെന്ന് സാര്‍ ചോദിക്കുകയും സച്ചിന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. എന്നാല്‍ അധ്യാപകന്‍ മൂന്ന് തവണ ഇതേ അധിക്ഷേപങ്ങള്‍ ആവര്‍ത്തിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പിന്നീട് രാജ്കുമാര്‍ സര്‍ അവനെ രണ്ട് വട്ടം അടിച്ചു, ജാതീയമായി അധിക്ഷേപിച്ചു. നിനക്ക് എന്ത് ചെയ്യാന്‍ പറ്റും അത് ചെയ്‌തോളൂ എന്ന് പറഞ്ഞ് വെല്ലുവിളിച്ചു. വിഷമത്തില്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച അവനോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുന്നതിന് പകരം ശകാരിക്കുകയാണ് അധ്യാപകന്‍ ചെയ്തത്.

പിറ്റേന്ന് പഠിക്കുന്നതിനിടയിലും സച്ചിന്‍ തനിക്ക് സംഭവിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു,’ അവര്‍ പറയുന്നു.

content highlights: Dalit student found dead in Rajasthan; Case against two teachers

We use cookies to give you the best possible experience. Learn more