അംഗപരിമിതനായ ദളിത് വിദ്യാര്‍ത്ഥിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
Kerala
അംഗപരിമിതനായ ദളിത് വിദ്യാര്‍ത്ഥിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th March 2017, 8:21 am

 

കോട്ടയം: എം.ജി സര്‍വകലാശാല കവാടത്തില്‍ അംഗ പരിമിതനായ ദളിത് വിദ്യാര്‍ത്ഥിയുടെ കൈ വെട്ടിയ കെ.എസ്.യു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു എസ്.എഫ്.ഐ ജില്ലാപ്രസിഡന്റ് കെ. എം അരുണിനെ(22)യും യൂണിവേഴ്‌സിറ്റി ക്യാമ്പസ് യൂണിറ്റി കമ്മിറ്റിയംഗവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ സച്ചു സദാനന്ദനെ(22)യും ക്രമിനലുകള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.


Also read തട്ടമിടുന്നതിന് ബദലായി യൂണിഫോമിനോടൊപ്പം കാവി ഷാള്‍; മംഗളൂരുവില്‍ മതസ്പര്‍ധ വളര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം


ജന്മനാ ഇടതു കൈയില്ലാത്ത സച്ചു സദാനന്ദന്റെ വലതു കൈയാണ് ക്രിമിനലുകള്‍ വെട്ടിക്കീറിയത്. ആക്രമണത്തിനിരയായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സച്ചുവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സച്ചുവിന്റെ വലതു കൈയില്‍ പത്തു സെന്റീമീറ്റര്‍ നീളത്തിലാണ് മുറിവ്. കൈയുടെ എല്ലിനും ആക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഒരു കൈയില്ലെന്നു മനസ്സിലാക്കിയ അക്രമികള്‍ “അതു കൂടി ഞങ്ങളെടുക്കുകയാണ്. ഇനി നീ പഠിക്കുന്നത് കാണട്ടെ” എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു സച്ചുവിനെതിരെയുള്ള ആക്രമണം. എം.ജി സര്‍വകലാശാല വിദ്യാര്‍ത്ഥികളായ സച്ചുവും അരുണും ക്യാമ്പസില്‍ നിന്ന് ഇറങ്ങുമ്പോള്‍ വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് ആക്രമണം ഉണ്ടാകുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കൊപ്പം എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച് ശേഷമാണ് വെട്ടി വീഴ്ത്തുന്നത്.


Dont miss നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന തന്റെ ആരാധകന് വ്യത്യസ്ത സമ്മാനവുമായി വിദ്യാബാലന്‍; വൈകാരികമായ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കാണം 


മന്നാനം കെ.ഇ കോളേജില്‍ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള കോളേജ് യൂണിയനെ കോളേജ് ദിനാഘോഷം നടത്താന്‍ അനുവദിക്കില്ലന്ന് പറഞ്ഞ് കെ.എസ്.യു സംഘം ക്യാമ്പസില്‍ കയറി വെള്ളിയാഴ്ച രാവിലെ ആക്രമിച്ചിരുന്നു. വൈകിട്ട് എം ജി ക്യാമ്പസില്‍ ബൈക്കിലെത്തിയ കെ.എസ്.യു ജില്ലാ പ്രസിഡന്റും സംഘവും എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം അരുണിനെയും സച്ചുവിനെയും ആക്രമിക്കുന്നത്.

കേസില്‍ നാലു ക്വട്ടേഷന്‍ സംഘാഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ അക്രമത്തിന് നേതൃത്വം നല്‍കിയ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇതു വരെ നടപടിയെടുത്തിട്ടില്ല. അംഗപരിമിതനായ ദളിത് വിദ്യാര്‍ത്ഥിയെ വെട്ടി പരിക്കേല്‍പ്പിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.