കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജിലെ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് ജാതിവിവേചനത്തില്‍ മനംനൊന്തെന്ന് ബന്ധുക്കള്‍
Daily News
കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജിലെ ദളിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് ജാതിവിവേചനത്തില്‍ മനംനൊന്തെന്ന് ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st February 2016, 1:25 pm

dalit-suicide-in-keralaപത്തനംതിട്ട: പത്തനംതിട്ട റാന്നി പെരുനാട് കാര്‍മല്‍ എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ഥി അമല്‍ പി.എസ് ആത്മഹത്യ ചെയ്തത് ജാതിവിവേചനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ദളിത് വിദ്യാര്‍ത്ഥിയായ അമലിനെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

2015 നവംബര്‍ രണ്ടാംതീയതിയാണ് കല്ലടയാറ്റിലെ കൊട്ടാരക്കര കുന്നത്തൂര്‍ കടപുഴ പാലത്തിനു സമീപം അമലിന്റെ മൃതദേഹം കണ്ടെത്തിയത്. അമലിന്റെ സ്‌കൂട്ടറില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിനു കാരണം കോളജ് അധികൃതരാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടന്നിട്ടില്ല.
suicide-note-of-amal
“ഞാന്‍ ഈ വെളളത്തിന്റെ അടിത്തട്ടില്‍ ഉണ്ടാവും. എന്റെ മരണകാരണം ഫാദര്‍ വില്യംസും കോളജ് അധികൃതരുമാണ്” എന്നാണ് അമലിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

amal1ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സ്വയം പ്രഖ്യാപിത ബിഷപ്പായ കെ.പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ളതാണ് പത്തനംതിട്ട ജില്ലയിലെ പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളേജ്. ഇവിടുത്തെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന അമല്‍ പി.എസിനെ മാര്‍ക്കു കുറഞ്ഞെന്നു പറഞ്ഞ് ഹോസ്റ്റലില്‍ നിന്നും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

അമ്മലിന്റെ അമ്മ സുജയെയും സഹോദരനെയും കോളജിലേക്ക് വിളിപ്പിച്ച് ഹോസ്റ്റലില്‍ നിന്നും മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹോസ്റ്റല്‍ ഫീസും മറ്റും എസ്.സി ക്വോട്ടായില്‍ ലഭിച്ചതാണെന്ന് അമല്‍ പറഞ്ഞപ്പോള്‍ കോളേജ് മാനേജര്‍ ജാതീയമായി ആക്ഷേപിക്കുകയും “എസ്.സി ക്വോട്ടാ നിര്‍ത്തലാക്കിയാല്‍ നീ എന്തുചെയ്യുമെന്ന് ” ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് സുജ ആരോപിക്കുന്നു.

മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി അമലും കുടുംബവും ഹോസ്റ്റല്‍ ഒഴിഞ്ഞുകൊടുക്കാമെന്ന് സമ്മതിച്ചെങ്കിലും മൊബൈലും ലാപ്‌ടോപ്പും മാനേജര്‍ ഫാദര്‍ വില്യംസ് പിടിച്ചുവെക്കുകയും ചെയ്തു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് അമല്‍ ആത്മഹത്യ ചെയ്യുന്നത്.

അമലിനോട് കോളജ് അധികൃതര്‍ മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി അമലിന്റെ സഹപാഠികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞെന്ന് പിതാവ് പ്രസന്നന്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അമലിന്റെ മൊബൈലും ലാപ്‌ടോപ്പും ഇപ്പോഴും ഫാദര്‍വില്യംസിന്റെ കൈവശമാണുള്ളതെന്നും പിതാവ് പറയുന്നു.

കൂടുതല്‍ വായനയ്ക്ക്