| Thursday, 15th September 2022, 8:23 am

യു.പിയില്‍ ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് കഴിഞ്ഞദിവസം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഇവരെ മോട്ടോര്‍സൈക്കിളിലെത്തിയ ആളുകള്‍ തട്ടിക്കൊണ്ട് പോയിരുന്നെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. ഇവരെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

പെണ്‍കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

കൊലപാതകത്തിന് കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് പ്രദേശത്ത് പൊലീസ് വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

”ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചുവരികയാണ്. വിവരമറിഞ്ഞ് നിഘാസന്‍ പൊലീസ് ഉടന്‍ സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കേസിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ സ്വീകരിക്കും,’ ലോക്കല്‍ പൊലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

‘പെണ്‍കുട്ടികളെ അവരുടെ സ്വന്തം ദുപ്പട്ടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ പ്രത്യക്ഷത്തില്‍ മുറിവുകളൊന്നുമില്ല.

വിദഗ്ധ സംഘമായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുക. പെണ്‍കുട്ടികളുടെ കുടുംബം അവരുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ഞങ്ങള്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുക,” ലഖ്നൗ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ലക്ഷ്മി സിങ് പറഞ്ഞു.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യു.പിയില്‍ സ്ത്രീകള്‍ എത്ര സുരക്ഷിതരാണെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് പെണ്‍കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതെന്ന് അവരുടെ പിതാവ് പറഞ്ഞതായും അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

അതേസമയം, കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ ബി.ജെ.പി കേന്ദ്രമന്ത്രി ആശിഷ് മിശ്രയുടെ മകന്‍ അജയ് മിശ്ര കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് ദളിത് പെണ്‍കുട്ടികളുടെ മൃതദേഹവും കണ്ടെടുത്തിരിക്കുന്നത്.

Content Highlight: Dalit sisters found dead in Uttar Pradesh, family alleges murder

We use cookies to give you the best possible experience. Learn more