പൂനെ: പൂനെയില്‍ തിങ്കളാഴ്ച ദളിതര്‍ക്കെതിരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയിലെ കിഴക്കന്‍ എക്‌സ്പ്രസ് ഹൈവേ ഉപരോധിച്ച് ദളിതര്‍. അതിക്രമത്തിനെതിരെ സ്വയം തീകൊളുത്തി പ്രതിഷേധിക്കാന്‍ ശ്രമിച്ച ദളിതരെ പൊലീസ് രക്ഷപ്പെടുത്തി.
ഉച്ചയോടെയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. അതേസമയം ചെമ്പൂര്‍ നാക്കയില്‍ ഇപ്പോഴും ഉപരോധം തുടരുകയാണെന്ന് പൊലീസ് പറയുന്നു.
“പ്രചരണങ്ങള്‍ വിശ്വസിക്കുന്നു. കിഴക്കന്‍ എക്‌സ്പ്രസ് വേയിലെ ഗതാഗതം പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. അതിപ്പോള്‍ ഒഴിവായി. ചെമ്പൂര്‍ നാക്കയില്‍ ഇപ്പോഴും ഗതാഗത തടസമുണ്ട്. പേടിക്കാന്‍ ഒന്നുമില്ല. സോഷ്യല്‍ മീഡിയകളില്‍ എന്തെങ്കിലും പോസ്റ്റു ചെയ്യുന്നതിനുമുമ്പ് പൊലീസുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്യുക.” പൊലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
പൂനെയില്‍ തിങ്കളാഴ്ച നടന്ന ദളിത് റാലിയ്‌ക്കെതിരെ നടന്ന സംഘപരിവാര്‍ ആക്രമണം സംഘര്‍ഷത്തിനു വഴിവെക്കുകയായിരുന്നു. കാവിക്കൊടിയുമായെത്തിയ ഒരു സംഘം റാലിയ്‌ക്കെതിരെ രംഗത്തുവരികയും ഇത് വാക്കേറ്റത്തിനും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊറേഗൗണ്‍ ഭീമ യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ റാലിയ്ക്കുനേരെയാണ് സംഘപരിവാര്‍ അതിക്രമമുണ്ടായത്. “ബ്രിട്ടീഷ് വിജയം” ആഘോഷിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് സംഘപരിവാര്‍ ആക്രമണം തുടങ്ങിയത്.
28 കാരനായ രാഹുല്‍ ഫതന്‍ഗെയ്ല്‍ ആണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
വധു ബഡ്രക്കിനടുത്തുളള പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കല്ലേറ് ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സനസ് വാടി, ശിക്രാപൂര്‍, പെര്‍നെ എന്നിവിടങ്ങളിലും അക്രമസംഭവങ്ങളുണ്ടായി.
ഡിസംബര്‍ 30ന് വധു ബഡ്രക്കിലുണ്ടായ സംഭവമാണ് സംഘര്‍ഷത്തിനുവഴിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. മറാത്താ രാജാവും ശിവജിയുടെ മകനുമായിരുന്ന ഗോവിന്ദ് ഗണപത് , ഗെയ്ക്‌വാദിന്റെ ശവകുടീരം ചില മേല്‍ജാതിക്കാര്‍ തകര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സംഘര്‍ഷം.
സംഘര്‍ഷത്തെ തുടര്‍ന്ന് പൂനെ- അഹമ്മദാബാദ് ഹൈവേ പൊലീസ് അടച്ചിരിക്കുകയാണ്. കലാപസ്ഥലത്തേക്ക് സ്റ്റേറ്റ് റിസേര്‍വ് പൊലീസ് ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സംഘമെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് 49 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.