മഹാരാഷ്ട്രയ്ക്ക് പിന്നാലെ കര്‍ണ്ണാടകയിലും ദളിത് പ്രതിഷേധം ശക്തമാവുന്നു; ഉത്തര കന്നടയെ സ്തംഭിപ്പിച്ച് ദളിത് പ്രതിഷേധം
Dalit Issue
മഹാരാഷ്ട്രയ്ക്ക് പിന്നാലെ കര്‍ണ്ണാടകയിലും ദളിത് പ്രതിഷേധം ശക്തമാവുന്നു; ഉത്തര കന്നടയെ സ്തംഭിപ്പിച്ച് ദളിത് പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th January 2018, 8:06 am

ബംഗളൂരു: വിജയപുരയില്‍ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിലും മഹാരാഷ്ട്രയിലെ ദളിതര്‍ക്കെതിരായ ആക്രമത്തിലും പ്രതിഷേധിച്ച് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഉത്തര കന്നടയില്‍ പ്രതിഷേധം ശക്തമാവുന്നു. സംഘടനകള്‍ ആഹ്വാനം ചെയ്ത “വിജയപുര ചലോ” റാലിയ്ക്ക് പെലീസ് അനുമതി നിഷേധിച്ചെങ്കിലും സമരക്കാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നുപൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്. ദളിത് നേതാക്കളായ ഭാസ്‌കര്‍ പ്രസാദ്, നരസിംഹ മൂര്‍ത്തി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടു്കുകയും ചെയ്തു. ഹുബ്ബള്ളി- ദാര്‍വാര്‍ഡ്, ബിദര്‍ മേഖലകളില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി.

നിരവധി വാഹനങ്ങള്‍ സമരക്കാര്‍ തകര്‍ത്തു. സ്വകാര്യ ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മേഖലയിലെ കെ.ആര്‍.ടി.സി സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ബിദറില്‍ സമരക്കാരെ പിരിച്ച് വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ഡിസംബര്‍ അവസാനമായിരുന്നു വിജയപുരയില്‍ ദളിത് പെണ്‍കുട്ടിയായ ദാനമ്മയെ ഒരുസഘം ആളുകള്‍ പീഡിപ്പിച്ച കൊലപ്പെടുത്തിയത്. ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയായിരുന്നു ക്രൂരതക്കിരയാക്കിയത്.

സംഭവത്തെ തുടര്‍ന്ന് ഉടലെടുത്ത ദളിത് പ്രക്ഷോഭം മറ്റു ജില്ലകളിലേക്കും പടരുകയായിരുന്നു. 40 ഓളം ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ദളിതര്‍ക്കെതിരെ വര്‍ധിച്ച വരുന്ന അക്രമണങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ദളിത് പ്രക്ഷോഭം.