കൊച്ചി: ശബരിമലയില്‍ ദളിതന്‍ മേല്‍ശാന്തിയാവണമെന്നും അത് ഒരു സ്വപ്‌നം മാത്രമാകില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളചരിത്രം വരേണ്യവര്‍ഗ ചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള പോരാട്ടത്തിന്റേതാണെന്നും ശബരിമലയില്‍ ദളിത് മേല്‍ശാന്തിക്കായുള്ള പരിശ്രമം എസ്.എന്‍.ഡി.പി യോഗം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിന്‍ ദേവസ്വംബോര്‍ഡില്‍ നിയമനം ലഭിച്ച അബ്രാഹ്മണശാന്തിമാര്‍ക്ക് ശ്രീനാരായണ വൈദികവേദി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമമാണ് ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചനസമരം ആഗ്രഹിക്കുന്നവര്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അധഃസ്ഥിത- -പിന്നോക്ക ജനവിഭാഗങ്ങള്‍ ചവിട്ടേല്‍ക്കാനും തൊഴാനും മാത്രമുള്ളവരെന്നത് തിരുത്തിക്കുറിക്കാനാണ് പൂര്‍വികര്‍ പരിശ്രമിച്ചത്. ആചാരങ്ങളുടെയും ദൈവനിശ്ചയങ്ങളുടെയും പേരിലാണ് അധഃസ്ഥിതരെയും പിന്നോക്കക്കാരെയും അകറ്റിയതും അടിമകളാക്കിയതും. ക്ഷേത്രപ്രവേശന വിളംബരം നടന്ന് 82വര്‍ഷം പിന്നിട്ടെങ്കിലും യഥാര്‍ഥ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴും യാഥാര്‍ഥ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നും അബ്രാഹ്മണരെ പൂജാരിയാക്കിയിട്ടില്ല. അബ്രാഹ്മണശാന്തിയെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നതിനും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതിനും പിന്നില്‍ വരേണ്യവര്‍ഗത്തിന്റെ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗ്; യുവതികളുടെ എണ്ണം 800 കവിഞ്ഞു
ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതിവിധി സര്‍ക്കാരിനെതിരെ ആയുധമാക്കുന്നതിലും ഈ തന്ത്രമാണ്. വേഗത്തില്‍ വിശ്വാസികളെ സര്‍ക്കാരിനെതിരെ അണിനിരത്താനുള്ള ആയുധമാണ് വിശ്വാസവും നാമജപവും.
ദൈവദശകം ആലപിച്ച സ്ത്രീയെ തല്ലിയതിനെതിരേ ഒരു ശബ്ദിക്കാന്‍ ഹിന്ദുക്കളെ കണ്ടില്ലെന്നും കൊച്ചിന്‍ ദേവസ്വത്തില്‍ പിന്നോക്കക്കാരെ ശാന്തിമാരാക്കാന്‍ നടപടിയെടുത്ത സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പ്രയോഗിച്ചതും ഈ തന്ത്രമാണ്. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കാരവും നടപ്പാക്കിയത് വരേണ്യവര്‍ഗത്തിന് ഇഷ്ടപ്പെടാതായപ്പോഴാണ് സമരം സംഘടിപ്പിച്ചതും സര്‍ക്കാരിനെ പരിച്ചുവിട്ടതും. ഈ ചരിത്രം അറിയാത്ത പുതുതലമുറയെ വിശ്വാസത്തിന്റെ പേരില്‍ അണിനിരത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ഇപ്പോള്‍ ശ്രമം. അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒന്നിച്ചെന്നും സുപ്രീംകോതിവിധി നടപ്പാക്കുകയെന്ന കടമയാണ് പിണറായി സര്‍ക്കാര്‍ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. വിധി നിയമപരമായി ചോദ്യംചെയ്യുന്നതിന് പകരം സമരവുമായി ഇറങ്ങിയതിന് പിന്നില്‍ ഭക്തിയല്ലെന്നും വരേണ്യവര്‍ഗ രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാട് ഭരണഘടനാപരമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരെ സമരംചെയ്യുന്നവരുടേത് ഭക്തിയല്ലായെന്ന് ശബരിമലയിലെ കലാപനീക്കം തെളിയിച്ചെന്നും സ്ത്രീകളുടെ പ്രായവും ഇരുമുടിക്കെട്ടും പരിശോധിച്ചത് ശബരിമലയിലെ ശാന്തിയും സമാധാനവും തകര്‍ക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്നിട്ടും സമരക്കാര്‍ പിന്തിരിയാന്‍ തയ്യാറാകാത്തത് അവരുടെ രാഷ്ട്രീയ ലക്ഷ്യമാണ് ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
DoolNews Video