| Wednesday, 18th April 2018, 4:12 pm

എസ്.സി, എസ്.ടി ആക്ട് വിധിക്കെതിരെ പ്രതിഷേധിച്ച് യു.പിയില്‍ ദളിത് പൊലീസ് ഓഫീസര്‍ ജോലി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: സുപ്രീംകോടതിയുടെ എസ്.സി-എസ്.ടി ആക്ട് വിധിക്കെതിരെ പ്രതിഷേധിച്ച് യു.പിയില്‍ ദളിത് പൊലീസ് ഓഫീസര്‍ രാജിവെച്ചു. യു.പി കേഡര്‍ ഉദ്യോഗസ്ഥനായ ഡോ.പി.ബി അശോക് ആണ് രാജിവെച്ചത്. പ്രസിഡന്റിനും യു.പി ഗവര്‍ണര്‍ക്കും കത്തെഴുതിയാണ് രാജി.

“ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോളാണ് ? നമ്മളല്ലെങ്കില്‍ പിന്നെ ആരാണ് ? എന്ന തലക്കെട്ടിലെഴുതിയ കത്തോട് കൂടിയാണ് രാജി രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും കത്തഴുതിയത്.

ഭാരത്ബന്ദിനിടെ ദളിത് യുവാക്കളടക്കം കൊല്ലപ്പെട്ടത് വേദനിപ്പിച്ചുവെന്നും രാജി തീരുമാനം പെട്ടെന്നെടുത്തതല്ലെന്നും അശോക് പറയുന്നു. തൊഴിലിടങ്ങളില്‍ ജാതി കളിക്കുന്നത് എങ്ങനെയാണെന്നും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് കീഴില്‍ ദളിതര്‍ അടിമകളാക്കപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു.

സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നും സര്‍ക്കാര്‍ സര്‍വീസുകളിലും ജുഡീഷ്യറിയിലും ദളിത്, സ്ത്രീ പ്രതിനിധ്യം ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റുകളില്‍ ഇന്റര്‍വ്യൂ സംവിധാനം നിര്‍ത്തണമെന്നും കത്തില്‍ പി.ബി അശോക് പറയുന്നു.

താന്‍ ജോലിയെ സ്‌നേഹിക്കുന്നു. തന്റെ പിതാവും ഒരു പൊലീസുകാരനായിരുന്നു. ജോലി വിടാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും അശോക് പറയുന്നു.


Read more: അപ്പോള്‍ ബോംബ് എവിടെ നിന്നാണ് വന്നത് ? ആകാശത്ത് നിന്നോ അതോ ഭൂമിക്കടിയില്‍ നിന്നോ ?; മക്കാ മസ്ജിദ് വിധിക്കെതിരെ ഇരകളാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശപ്രകാരമാണ് തന്റെ രാജിയെന്ന് ചിലര്‍ പറയുന്നുണ്ട്. പക്ഷെ തനിക്ക് രാഷ്ട്രീയമില്ല. മായാവതി സര്‍ക്കാരിന്റെ കാലത്ത് പോലും തനിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ടെന്നും ബുദ്ധിസത്തില്‍ ഡോക്ടറല്‍ റിസര്‍ച്ച് പൂര്‍ത്തിയാക്കിയിട്ടുള്ള അശോക് പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുളള സുപ്രീം കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ദളിത് സംഘടനകള്‍ ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.

സുപ്രീംകോടതി വിധി പ്രകാരം എസ്.സി-എസ്.ടി ആക്ട് പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യുന്നതിനു മുമ്പ്, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിനു താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണം അനിവാര്യമാണെന്നും കര്‍ശനമായ വ്യവസ്ഥകളുള്ള ഈ നിയമം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് ഒരു തടസവുമില്ല.


Also read: കോഴിക്കോട് നഗരത്തില്‍ ഏഴുദിവസത്തെ നിരോധനാജ്ഞ


ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ മാത്രമെ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ആദര്‍ശ് ഗോയല്‍, യു. യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദശം നല്‍കിയത്

We use cookies to give you the best possible experience. Learn more