ദളിത് വിദ്യാര്‍ത്ഥിയുടെ പി.എച്ച്.ഡിക്ക് അയിത്തം; വിദ്യാര്‍ത്ഥിയെ അകാരണമായി പുറത്താക്കി കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാല
Dalit Life and Struggle
ദളിത് വിദ്യാര്‍ത്ഥിയുടെ പി.എച്ച്.ഡിക്ക് അയിത്തം; വിദ്യാര്‍ത്ഥിയെ അകാരണമായി പുറത്താക്കി കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാല
നിമിഷ ടോം
Wednesday, 11th April 2018, 2:58 pm

കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അന്യായമായി പി.എച്ച്.ഡി വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കുന്നുവെന്ന് പരാതി. ദളിത് വിഭാഗത്തില്‍പ്പെടുന്ന അജിത്ത് എന്ന ഗവേഷക വിദ്യാര്‍ത്ഥിയുടെ അടക്കം ഇത്തവണ പൊതുപരീക്ഷയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശന വിജ്ഞാപനമാണ് സര്‍വ്വകലാശാല റദ്ദ് ചെയ്തിരിക്കുന്നത്.

അജിത്ത് കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാലയില്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ച എസ്.സി/എസ്.ടി സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് ഗവേഷണത്തിന് യോഗ്യത നേടിയതാണ്.  എന്നാല്‍
പ്രവേശനസമയത്ത് യൂണിവേഴ്‌സിറ്റി അജിത്തിന്റെ പി.എച്ച്.ഡി പ്രവേശനം അയോഗ്യമാണ് എന്നാണ് പറയുന്നത്.

പ്രവേശന നടപടിയുടെ സമയത്തുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ അജിത്തിന്റെ ഗൈഡ് പങ്കെടുക്കാത്തതിനാല്‍ പ്രവേശനം റദ്ദാക്കുന്നു എന്നും ഗൈഡിന് കീഴില്‍ സീറ്റ് ഒഴിവില്ലെന്നുമാണ് അധികൃതര്‍ അജിത്തിനെ പുറത്താക്കാന്‍ മുന്നോട്ടുവെക്കുന്ന ന്യായീകരണം.  എന്നാല്‍ ഇത് വ്യാജമായ ആരോപണമാണെന്ന് അജിത്ത് പറയുന്നു

ഇന്റര്‍വ്യൂ നടക്കുന്ന ദിവസം 50 ശതമാനം ഗൈഡുമാര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നാണ് യു.ജി.സി നിര്‍ദ്ദേശം. ജോലി സംബന്ധമായ കാരണങ്ങള്‍ മൂലമാണ് അജിത്ത് നിര്‍ദ്ദേശിച്ച ഗൈഡ് ഇന്റര്‍വ്യൂ ദിവസം എത്താതിരുന്നത്. സാധാരണയായി ഇത്തരം അവസരങ്ങളില്‍ പ്രസ്തുത വിദ്യാര്‍ത്ഥിയുടെ ഇന്റര്‍വ്യൂ നടപടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാറുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ ഇത്തരത്തിലുള്ള യാതൊരു സമീപനവും ഉണ്ടായിട്ടില്ലെന്നും സര്‍വ്വകലാശാലയിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സര്‍വകശാലയുടെ 2017ലെ പി.എച്ച്.ഡി എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികജാതി/പട്ടികവര്‍ഗ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നാണ് അജിത്ത് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. വിഷയത്തില്‍് കേന്ദ്ര പട്ടികജാതി -പട്ടിക വര്‍ഗ കമ്മിഷനും ഇടപെടല്‍ നടത്തിയതാണെങ്കിലും എക്‌സിക്യൂട്ടിവ് കമ്മീഷന്‍ തീരുമാനത്തില്‍ നിന്നും പിന്മാറുന്നില്ല.

അജിത്ത് നല്‍കിയ പരാതി സ്വീകരിച്ച എസ്.സി/എസ്.ടി കമ്മിഷന്‍, യൂണിവേഴ്സിറ്റി രജിസ്ട്രാറോട് നടപടി എടുക്കാനും, പരാതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ഇരുപതു ദിവസത്തിനകം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തുന്ന പ്രവേശന സമയങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്നതാണ് സര്‍വ്വകലാശാല നല്‍കിയ മറുപടിയെന്ന് അജിത്ത് പറയുന്നു.

2017 മെയ് മാസത്തില്‍ നടത്തിയ യോഗ്യതാ പരീക്ഷയിലും തുടര്‍ന്ന് നടത്തിയ ഇന്റര്‍വ്യൂ അടിസ്ഥാനപ്പെടുത്തിയ സെലക്ഷനിലും അജിത്ത് അഞ്ചാം റാങ്കോടെ പ്രവേശനം നേടിയതാണ്. എന്നാല്‍ അജിത്തിന് എസ്.സി/ എസ്.ടി മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് അഡ്മിഷന്‍ നല്‍കിയതെന്ന് ആരോപണമുണ്ട്.

“2017 ഡിസംബര്‍ ആറിന് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് ഞാന്‍ 2018 ജനുവരി 30ന് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് പ്രവേശനം നേടിയതാണ്. ഫെബ്രുവരി ഒന്നാം തിയ്യതി ജോയിന്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് രണ്ടിന് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് എന്റെ അഡ്മിഷനില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് പറഞ്ഞ് വിഷയം അന്വേഷണത്തിന് വിട്ടു. പിന്നീട് പിറ്റേന്ന് രാവിലെ ഏഴുമണിക്ക് എന്നെ വിളിച്ച് അഡ്മിഷന്‍ റദ്ദാക്കി, അതുകൊണ്ട് ഉടന്‍തന്നെ ഹോസ്റ്റല്‍ വിട്ടുപോകണമെന്ന് അറിയിക്കുകയായിരുന്നു” അജിത്ത് പറയുന്നു.

അന്വേഷണം ആവശ്യപ്പെട്ട റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയും കൂടാതെയായിരുന്നു ഈ പുറത്താക്കല്‍ നീക്കമെന്ന് അജിത്തിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു. തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ കേന്ദ്ര സര്‍വ്വകലാശാലകളില്‍ റിസര്‍വേഷന്‍ വിഭാഗങ്ങള്‍ക്ക് 20 ശതമാനം കട്ട് ഓഫ് പ്രത്യേക പരിഗണനയോടെ കുറയ്ക്കാറുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലും അജിത്ത് പരാതിപ്പെട്ടിരുന്നു.

അഖിലേന്ത്യാ തലത്തിലുള്ള പൊതുപരീക്ഷയിലൂടെയാണ് കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലടക്കം ഇത്തവണ പി.എച്ച്.ഡി. പ്രവേശന പരീക്ഷ നടത്തിയത്. നെഗറ്റീവ് മാര്‍ക്ക് അടക്കമുള്ള പരീക്ഷയില്‍ 50 ശതമാനം കട്ട് ഒഫും നിശ്ചയിച്ചിരുന്നു. കട്ട് ഓഫ് 50 ശതമാനമായതിനാല്‍ത്തന്നെ ഇന്റര്‍വ്യൂ അടക്കമുള്ള സെലക്ഷന്‍ നടപടികളില്‍ വിദ്യാര്‍ത്ഥി സാന്നിധ്യം വളരെ കുറവുമായിരുന്നു. എന്നാല്‍ 50 ശതമാനം എന്നത് ജനറല്‍ വിഭാഗത്തിന്റെ കട്ട് ഓഫ് ആണെന്ന് കാണിച്ച് അജിത്ത് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് കട്ട് ഒഫ് മാര്‍ക്ക് 5 ശതമാനം കുറച്ച് 40 ശതമാനമാക്കി. തുടര്‍ന്ന് 2017 ഡിസംബര്‍ ആറിന് സര്‍വ്വകലാശാല പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കിയതിനെത്തുടര്‍ന്നാണ് അജിത്ത് പ്രവേശനം നേടിയത്.

” ഇനിയും കട്ട് ഓഫ് മാര്‍ക്ക് കുറച്ചാല്‍ ക്വാളിറ്റി കുറയും എന്നാണ് യൂണിവേഴ്‌സിറ്റി അറിയിച്ചത്. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് യു.ജി.സി. മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന് പകരം ക്വാളിറ്റി കുറയുമെന്ന ന്യായം ഉന്നയിക്കുന്നതിന് കാരണം ഞങ്ങള്‍ ഇവിടെ പഠിക്കേണ്ട എന്ന മനോഭാവമല്ലേ?” അജിത്ത് ചോദിക്കുന്നു.

തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് പരിഗണനയിലിരിക്കെ 2018 മാര്‍ച്ച് 27 ന് ഡിസംബര്‍ ആറിലെ അജിത്തിന്റെ അടക്കം ബാക്കി എല്ലാവരുടേയും അഡിമിഷന്‍ കാന്‍സല്‍ ചെയ്തിരിക്കുകയാണ് യൂണിവേഴ്സിറ്റി. ഇത് യൂണിവേഴ്സിറ്റിയുടെ പ്രതികാര നടപടി മാത്രമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

എന്നാല്‍ അജിത്തിന്റെതടക്കമുള്ള പ്രവേശനം റദ്ദ് ചെയ്യാനുള്ള തീരുമാനം പൂര്‍ണമായും എക്സിക്യുട്ടീവ് കൗണ്‍സിലിന്റേതാണ് എന്നാണ് കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.ജോണ്‍ മൂലക്കാട്ട് അറിയിച്ചു. അജിത്തിന്റെ നിയമനത്തില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍(യു.ജി.സി) നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നാണ് എക്സിക്യുട്ടീവ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടെന്നും ഇദ്ദേഹം പറഞ്ഞു