| Saturday, 10th October 2020, 2:10 pm

തമിഴ്‌നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റായ ദളിത് സ്ത്രീയെ തറയിലിരുത്തി ഭരണസമിതി യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റായ ദളിത് സ്ത്രീയ്ക്ക് നേരേ ജാതിയധിക്ഷേപം. കഡല്ലൂരില്‍ പഞ്ചായത്ത് യോഗത്തിനിടെ പ്രസിഡന്റായ ദളിത് സ്ത്രീയെ തറയില്‍ ഇരുത്തിയതായി പരാതി.

തേര്‍ക്കുത്തിട്ടൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ രാജേശ്വരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് രാജേശ്വരിയോട് തറയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജേശ്വരി  തേര്‍ക്കുത്തിട്ടൈ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ വിജയിച്ചത്. വണ്ണിയാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണിത്. ഏകദേശം 500 ഓളം വണ്ണിയാര്‍ കുടുംബങ്ങളാണ് തേര്‍ക്കുത്തിട്ടൈയിലുള്ളത്.

എസ്.സി സമുദായത്തിലെ 100 കുടുംബങ്ങള്‍ മാത്രമേ ഈ പഞ്ചായത്തിലുള്ളു. എസ്.സി സമുദായത്തിലെ 100 കുടുംബങ്ങള്‍ മാത്രമേ ഈ പഞ്ചായത്തിലുള്ളു. അതേസമയം ഇതാദ്യമായല്ല പഞ്ചായത്ത് യോഗങ്ങളില്‍ തന്നെ തറയിലിരുത്തുന്നതെന്നും എല്ലാ തവണയും നടക്കുന്ന പഞ്ചായത്ത് യോഗങ്ങളില്‍ തന്നെ കസേരയില്‍ ഇരിക്കാന്‍ അംഗങ്ങള്‍ അനുവദിക്കാറില്ലെന്നും രാജേശ്വരി പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ രാജിനെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

വിഷയം വിവാദമായതിനെത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

നേരത്തെ തമിഴ്‌നാട്ടിലെ തന്നെ തിരുവള്ളൂരില്‍ ദളിത് വിഭാഗക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്തുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. പ്രദേശത്തെ സവര്‍ണ്ണ ജാതിയില്‍പ്പെട്ട ചിലര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രസിഡന്റിനെ മാറ്റിനിര്‍ത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Dalit Panchayath President Made To Sit On Floor In Meeting

We use cookies to give you the best possible experience. Learn more