കഴിഞ്ഞ നാല് വർഷമായി അധ്യാപന നിയമനത്തിനായി കാത്തിരിക്കുന്ന ഒ.ബിസി ഉദ്യോഗാർത്ഥികൾ യോഗി ആദിത്യനാഥിനെതിരെ രംഗത്ത്
national news
കഴിഞ്ഞ നാല് വർഷമായി അധ്യാപന നിയമനത്തിനായി കാത്തിരിക്കുന്ന ഒ.ബിസി ഉദ്യോഗാർത്ഥികൾ യോഗി ആദിത്യനാഥിനെതിരെ രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2024, 9:08 pm

ലഖ്‌നൗ: ഉത്തർപ്രദേശിലെ അസിസ്റ്റൻ്റ് അധ്യാപകരുടെ നിയമന നടപടി ക്രമക്കേടിൽ പ്രതിഷേധിച്ച് ഒ.ബി.സി വിഭാഗക്കാർ. റിക്രൂട്ട്‌മെൻ്റിനുള്ള തെറ്റായ സെലക്ഷൻ ലിസ്റ്റുകൾ ഓഗസ്റ്റ് 13 ന് അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയും മൂന്ന് മാസത്തിനുള്ളിൽ പുതിയ ലിസ്റ്റ് പുറത്തിറക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. എങ്കിലും ഇതുവരെയും അതിനുള്ള നടപടികൾ ഒന്നും നടന്നിട്ടില്ല.

കഴിഞ്ഞ നാല് വർഷമായി ഇതിനെതിരെ കനത്ത പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ‘സ്കൂളിൽ ഉണ്ടായിരിക്കേണ്ട അധ്യാപകർ കഴിഞ്ഞ നാല് വർഷമായി തെരുവുകളിൽ അലഞ്ഞുതിരിയുകയാണ്,’ പ്രതിഷേധക്കാരിൽ ഒരാളായ അമ്രേന്ദ്ര പട്ടേൽ പറഞ്ഞു.

സെപ്തംബർ രണ്ട് മുതൽ ഒ.ബി.സി, ദളിത് ഉദ്യോഗാർത്ഥികൾ വീണ്ടും സമരാഹ്വാനവുമായി മുന്നോട്ടെത്തിയിരിക്കുകയാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള ഒ.ബി.സി നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകൾക്ക് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഉദ്യോഗാർത്ഥികൾ ഇപ്പോൾ.

സെപ്തംബർ രണ്ട് മുതൽ ഉദ്യോഗാർത്ഥികൾ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ആശിഷ് പട്ടേൽ, അദ്ദേഹത്തിൻ്റെ ഭാര്യ കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ എന്നിവരുടെ വസതികൾക്ക് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി.

പുതിയ ലിസ്റ്റുകൾ നൽകുന്നതിൽ യോഗി ആദിത്യനാഥ് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് വിമർശിച്ച സംവരണാർഹരായ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ നടപ്പാക്കണമെന്നും പുതിയ സെലക്ഷൻ ലിസ്റ്റ് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടു. അധ്യാപക നിയമന നടപടികൾ സർക്കാർ ആരംഭിക്കണമെന്നും സംവരണ മാനദണ്ഡങ്ങൾ അവഗണിച്ച് തെറ്റായ പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

69,000 അസിസ്റ്റൻ്റ് ടീച്ചർമാരുടെ നിയമനത്തിനായി സർക്കാർ 2020 ജൂൺ ഒന്ന് , 2022 ജനുവരി അഞ്ച് തീയതികളിൽ പുറപ്പെടുവിച്ച സെലക്ഷൻ ലിസ്റ്റുകൾ ഓഗസ്റ്റ് 13ന് അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയും തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളുടെ പുതിയ ലിസ്റ്റ് മൂന്ന് മാസത്തിനകം പുറത്തുവിടാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഈ നിയമനങ്ങൾ നടത്തുമ്പോൾ സംവരണ നയം നടപ്പാക്കിയതിൽ അപാകതയുണ്ടെന്ന ആരോപണത്തെ സാധൂകരിക്കുന്നതായിരുന്നു കോടതി വിധി.

ഒ.ബി.സി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾ ജനറൽ ഉദ്യോഗാർത്ഥികളുടെ കട്ട് ഓഫിനെക്കാൾ കൂടുതൽ മാർക്ക് നേടിയിട്ടും, ജനറൽ തസ്തികകൾക്ക് കീഴിലുള്ള റിക്രൂട്ട്‌മെൻ്റിൽ അവരെ പരിഗണിച്ചില്ല. മറിച്ച് സംവരണമുള്ള ഉദ്യോഗാർത്ഥികളായി കണക്കാക്കി പിന്തള്ളുകയായിരുന്നു. അതായത് ജനറൽ കട്ട് ഓഫിന് മുകളിൽ മാർക്ക് നേടിയ സംവരണ വിഭാഗ ഉദ്യോഗാർത്ഥികളെയും ജനറൽ വിഭാഗത്തിന് പകരം സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. പിന്നാലെ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി മുന്നോട്ടെത്തുകയായിരുന്നു.

 

 

Content Highlight: Dalit, OBC Candidates Turn Up the Heat on Adityanath Over 69,000 Assistant Teacher Recruitment Fiasco