ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹൈദര്‍ഘഢില്‍ 16 വയസുകാരിയായ ദളിത് അതിജീവിതയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൊഴി രേഖപ്പെടുത്താന്‍ വേണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനിരിക്കവെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അതിജീവിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 17നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ബാര്‍ബങ്കി പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാര്‍ സിങ് ഇന്ത്യന്‍ പീനല്‍ കോഡ് സെഷന്‍സ് 376/511 പ്രകാരം പീഡന ശ്രമത്തിന് എഫ്.ഐ.ആറും രേഖപ്പെടുത്തി. എന്നാല്‍ അതിജീവിത മരിച്ചതിന് പിന്നാലെ ജോലിയിലെ കൃത്യവിലോപം ആരോപിച്ച് ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിലും വകുപ്പ് തല അന്വേഷണത്തിലും വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഡ് ചെയ്തത്.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ പൊലീസ് വൈകിയതാണ് പെണ്‍കുട്ടി ജീവിതം അവസാനിപ്പിക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ബലാംത്സംഗത്തിന് ശേഷം പെണ്‍കുട്ടി വിഷാദത്തിലായിരുന്നെന്നും കുടുംബം പറയുന്നെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
‘ജൂണ്‍ 17നാണ് ഹൈദര്‍ഘഢ് പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗ കേസ് വരുന്നത്. വ്യാഴാഴ്ച പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാനിരിക്കുകയായിരുന്നു.
കേസിലെ പൊലീസ് നടപടിയിലെ കുടുംബത്തിന്റെ ആരോപണവും പരിശോധിക്കും. ജോലിയിലെ കൃത്യവിലോപം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ യോഗേന്ദ്ര പ്രതാപ് സിങ്ങിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്,’ പൊലീസ് സുപ്രണ്ട് ദിനേഷ് കുമാര്‍ സിങ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
വീട്ടിലെ സീലിങ്ങിലാണ് അതിജീവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാവാണ് ആദ്യം സംഭവം കാണുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമത്തലവനെ വിഷയം അറിയിക്കുകയും അവര്‍ മുഖാന്തരം പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
content highlights: Dalit minor hanged to death in Uttar Pradesh