സ്റ്റേഷനില്‍ വെച്ച് അവന്റെ മുഖത്തടിക്കാന്‍ അവന്‍ എന്നോട് പറഞ്ഞിരുന്നു; പക്ഷേ ഞാനത് ചെയ്തില്ല; പൊലീസിന്റെ തന്ത്രമായിരുന്നു അത്; വിനായകന്റെ അച്ഛന്റെ പ്രതികരണം
Kerala
സ്റ്റേഷനില്‍ വെച്ച് അവന്റെ മുഖത്തടിക്കാന്‍ അവന്‍ എന്നോട് പറഞ്ഞിരുന്നു; പക്ഷേ ഞാനത് ചെയ്തില്ല; പൊലീസിന്റെ തന്ത്രമായിരുന്നു അത്; വിനായകന്റെ അച്ഛന്റെ പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th July 2017, 10:06 am

തൃശൂര്‍: തന്റെ മകന്റെ മരണത്തിന് ഉത്തരവാദി പൊലീസ് മാത്രമാണെന്ന് ഏങ്ങണ്ടിയൂരില്‍ പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി.

മകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിക്കുമ്പോള്‍ അവര്‍ എന്നോട് പണം എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പം അവനെ പിടിച്ചതാണെന്നും നാട്ടുകാര്‍ കൈകാര്യം ചെയ്യാതിരുന്നത് തങ്ങള്‍ ഇടപെട്ടതുകൊണ്ടാണെന്നുമാണ് അവര്‍ പറഞ്ഞത്.


Dont Miss ‘ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ കാശില്ലെങ്കില്‍ പോയി ഭാര്യയെ വില്‍ക്കൂ’ സ്വച്ഛ് ഭാരത് കാമ്പെയ്‌നിനിടെ പണമില്ലെന്നു പറഞ്ഞ ഗ്രാമീണനോട് ജില്ലാ മജിസ്‌ട്രേറ്റ്


മക്കളെ തല്ലി വളര്‍ത്തണമെന്ന് ഒരു പൊലീസുകാരന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ മക്കളെ തല്ലാറില്ലെന്ന് അവരോട് പറഞ്ഞു. എന്നാല്‍ അവന്റെ മുഖമടച്ച് ഇപ്പോള്‍ അടികൊടുക്കാനായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ ഞാനത് ചെയ്തില്ല. അന്ന് അവര്‍ പറയുന്നത് കേട്ട് ഞാന്‍ അവനെ അടിച്ചിരുന്നെങ്കില്‍ ഈ കേസ് എന്റെ തലയില്‍ വെച്ചുകെട്ടാന്‍ അവര്‍ക്ക് എളുപ്പമായിരുന്നു. അത് അവരുടെ ഒരു തന്ത്രം മാത്രമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നെന്നും കൃഷ്ണന്‍കുട്ടി പറയുന്നു. നാരദ ഓണ്‍ലൈനിന് വേണ്ടി പ്രതീഷ് രമ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയേറെ ക്രൂരമായി മര്‍ദ്ദിക്കേണ്ട ഒരു തെറ്റും അവന്‍ ചെയ്തിട്ടില്ല. ഒരു കൂട്ടുകാരിയെ കാണാന്‍ വന്നതിന്റെ പേരിലാണോ ഇങ്ങനെ തല്ലുന്നത്. അല്ലെങ്കില്‍ വണ്ടിയ്ക്ക് ബുക്കും പേപ്പറും ഇല്ലാത്തതിന്റെ പേരിലാണോ? നാട്ടില്‍ എന്തുപ്രശ്‌നം ഉണ്ടായാലും പൊലീസ് ഇങ്ങനെ തല്ലിതീര്‍ക്കാറാണോ ചെയ്യാറ് കൃഷ്ണന്‍ കുട്ടി ചോദിക്കുന്നു.

വിനായകന്റെ മുടി പറ്റെ വെട്ടിയിട്ട് ഒരാഴ്ചകഴിഞ്ഞ് ബൈക്ക് എടുക്കാന്‍ വരാനായിരുന്നു സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവര്‍ പറഞ്ഞത്. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ബാര്‍ബര്‍ ഷോപ്പില്‍ കയറി മുടിവെട്ടുകയും ചെയ്തു.

വീട്ടിലെത്തിയപ്പോള്‍ പൊലീസുകാര്‍ എന്തെങ്കിലും ചെയ്‌തോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ ഇല്ല എന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീടാണ് അവന്റെ കൂട്ടുകാരന്‍ പറഞ്ഞ് അവിടെ നടന്നതെല്ലാം അറിഞ്ഞത്- കൃഷ്ണന്‍ കുട്ടി പറയുന്നു.

എന്റെ മകന് നീതി കിട്ടാന്‍ ഏത് അറ്റം വരെയും ഞാന്‍ പോകും. പതിനെട്ട് വയസുകാരനായ ഒരു മകനെയാണ് എനിക്ക് നഷ്ടമായത്. എല്ലാ രാഷ്ട്രീയക്കാരും രാഷ്ട്രീയഭേദമന്യേ ഞങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്.

എന്റെ മകന്‍ മരിക്കേണ്ടതായ ഒരു പ്രശ്‌നവും ജീവിതത്തില്‍ ഉണ്ടാക്കിയിട്ടില്ല. ഇത് പൊലീസുകാരുടെ കൈകൊണ്ട് സംഭവിച്ചതാണെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. ഈ പതിനെട്ട് വര്‍ഷത്തനിടെ അവന്‍ ആരോടെങ്കിലും വഴക്കിട്ടെന്നോ ആരുടേയും ഒരു സാധനം മോഷ്ടിച്ചേന്നോ എന്നൊന്നും ഞാന്‍ കേട്ടിട്ടില്ല. എന്റെ മകനെ എനിക്ക് വിശ്വാസമാണ്.-കൃഷ്ണന്‍കുട്ടിപറയുന്നു.