ലൈംഗിക കുറ്റകൃത്യം ചെയ്തുവെന്ന് വ്യാജ ആരോപണം ഉന്നയിച്ചാണ് ദളിത് യുവാവിനെയും പിന്നാക്ക ജാതിക്കാരനായ മറ്റൊരു യുവാവിനെയും ക്രൂരമായി ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. യഥാര്‍ത്ഥത്തില്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. എന്നാല്‍ അക്രമികള്‍ ലൈംഗികാരോപണമാണ് പിന്നിലെന്ന് പറഞ്ഞ് പരത്തുകയായിരുന്നു.
മര്‍ദനമേറ്റ ദളിത് യുവാവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പ്രദേശവാസികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും മലം തീറ്റിക്കുകയും ചെയ്തതിന് പിന്നാലെ ഗ്രാമവാസികള്‍ക്ക് മുന്നിലൂടെ നടത്തിച്ചെന്നും പരാതിയുണ്ട്.
സംഭവത്തെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അപലപിച്ചു. മനുഷ്യത്വഹീനമായ താലിബാനി ആക്രമണമാണ് പ്രതികള്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ല. പ്രതികളില്‍ ഭൂരിഭാഗവും അറസ്റ്റിലായിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താനും, അവരുടെ അനധികൃതമായി നിര്‍മിച്ച സ്വത്തുക്കള്‍ പൊളിക്കാനും ശിവപുരിയിലെ പ്രാദേശിക ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ മിശ്ര പറഞ്ഞു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സിദ്ധിയില്‍ ദളിതനായ മധ്യവയസ്‌കന്റെ ദേഹത്ത് മൂത്രമൊഴിച്ച് ബി.ജെ.പി നേതാവ് അപമാനിച്ചിരുന്നു. ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാന്‍ വ്യാഴാഴ്ച അപമാനിതനായ വ്യക്തിയെ വിളിച്ചുവരുത്തി ആദരിച്ചിരുന്നു. പാവങ്ങള്‍ക്കെതിരെ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.