അഹമ്മദാബാദ്: അംബേദ്കറിന്റെ ജന്മദിനത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി പുഷ്പചക്രം അര്‍പ്പിച്ച് മടങ്ങിയതിനു പിന്നാലെ അംബേദ്കര്‍ പ്രതിമ കഴുകി വൃത്തിയാക്കി ദളിത് പ്രവര്‍ത്തകര്‍. മഹാരാജ സായാജിറാവു സര്‍വകലാശാലയിലെ എസ്.സി-എസ്.ടി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി താക്കോര്‍ സോളങ്കിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പരിപാടി.
ബി.ജെ.പി പ്രവര്‍ത്തകരുടെ സാന്നിധ്യം അന്തരീക്ഷത്തെ വരെ മലിനമാക്കുമെന്ന് ദളിത് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഗുജറാത്തിലെ ബറോഡയിലാണ് സംഭവം. കേന്ദ്രമന്ത്രി മേനക ഗാന്ധിയും ബി.ജെ.പി എം.പി രഞ്ജന്‍ ബന്‍ ഭട്ടും ഉള്‍പ്പെടെ ബി.ജെ.പി പ്രവര്‍ത്തകര്‍ അംബേദ്കറിന്റെ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് പ്രവര്‍ത്തകര്‍ പാലും വെളളവും ഉപയോഗിച്ച് പ്രതിമ കഴുകി വൃത്തിയാക്കുകയായിരുന്നു.
നേരത്തെ മന്ത്രി ഉള്‍പ്പടെയുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതിനെതിരെ ദളിതര്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ദളിതരുടെ പ്രതിഷേധം.
ആദ്യമെത്തിയത് തങ്ങളാണെന്നും ആദ്യം ആദരമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും ദളിതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ബി.ജെ.പി പ്രവര്‍ത്തകരുടെ ഇടയിലുളള മേയറിനാണ് പുഷ്പചക്രം അര്‍പ്പിക്കാന്‍ ആദ്യ അവകാശമെന്ന് ചൂണ്ടികാണിച്ച് പൊലീസ് ദളിതരുടെ ആവശ്യം തളളുകയായിരുന്നു.
WATCH THIS VIDEO: