| Saturday, 10th June 2023, 9:44 am

ദലിത് യുവാവിനെ അമ്പലത്തില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കി; തമിഴ്‌നാട്ടില്‍ ക്ഷേത്രം അടപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ദലിത് യുവാവിനെ അമ്പലത്തില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കിയ ക്ഷേത്രം താത്ക്കാലികമായി പൂട്ടി തമിഴ്‌നാട് റവന്യൂ വകുപ്പ്. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ കടവൂരിനടുത്ത് വീരണംപട്ടിയിലെ ശ്രീ കാളിയമ്മന്‍ ക്ഷേത്രമാണ് സീല്‍ ചെയ്തത്.

ജൂണ്‍ ഏഴിന് പ്രാര്‍ത്ഥിക്കാനായി ക്ഷേത്രത്തില്‍ പ്രവേശിച്ച പറയര്‍ വിഭാഗത്തില്‍പെട്ട ശക്തിവേലിനെ, ഊരാളി ഗൗണ്ടര്‍ സമുദായത്തില്‍ നിന്നുള്ള മാണിക്കം എന്ന വ്യക്തി അമ്പലത്തില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ശക്തിവേല്‍ ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തെ നേരിട്ട് പരാതി അറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കടവൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസറും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ജില്ലാ ഭരണകൂടം ക്ഷേത്രത്തില്‍ ദലിതരെ പ്രവേശിപ്പിക്കുന്നത് തടയുന്നതിനായി ഊരാളി ഗൗണ്ടര്‍മാര്‍ ക്ഷേത്രം അടച്ചു.

ഉദ്യോഗസ്ഥര്‍ പോയതിന് പിന്നാലെ അധികൃതരെ അറിയിക്കാതെ ഇന്നലെ ക്ഷേത്രത്തില്‍ ഘോഷയാത്ര നടത്തി. ഇതിന് പിന്നാലെ ദലിതരായ ചിലര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡ് ഉപരോധിച്ച് ഊരാളി ഗൗണ്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു.

സമാധാന ചര്‍ച്ചയ്ക്കിടെ ഇക്കാലമത്രയും പറയരെ ക്ഷേത്രത്തില്‍ കയറ്റിയിട്ടില്ലെന്നും ഈ ആചാരം തുടരാന്‍ ആഗ്രഹിക്കുന്നതായും ഊരാളി ഗൗണ്ടര്‍മാര്‍ ആവശ്യമുന്നയിച്ചു. ദലിതര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനക്ക് എതിരാണെന്നും, ക്ഷേത്രകാര്യങ്ങള്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും അധികൃതര്‍ ഊരാളി ഗൗണ്ടര്‍മാരെ അറിയിച്ചു.

പ്രദേശത്തെ സംഘര്‍ഷാവസ്ഥയ്ക്ക് അറുതി വരുത്താനായി ക്ഷേത്രം താത്കാലികമായി അടച്ചിടാനും അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ദലിതരുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് തമിഴ്‌നാട്ടില്‍ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ പരാതിയാണിത്.

രണ്ടു ദിവസം മുമ്പ്, ദലിതര്‍ പ്രവേശിക്കുന്നത് വിലക്കിയ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ മേല്‍പ്പാടിക്കടുത്തുള്ള ദ്രൗപതി അമ്മന്‍ ക്ഷേത്രവും അധികൃതര്‍ അടപ്പിച്ചിരുന്നു. ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ദലിതരും വണ്ണിയാര്‍ സമുദായക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദ്രൗപതി അമ്മന്‍ ക്ഷേത്രം വില്ലുപുരം ആര്‍.ഡി.ഒ രവിചന്ദ്രന്‍ പൂട്ടിയിരുന്നു.

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ദലിതരെ തടഞ്ഞതിനെ തുടര്‍ന്ന് രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം അധികൃതര്‍ സീല്‍ ചെയ്തത്.

അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഗ്രാമത്തില്‍ പൊലീസ് സേനയേയും വിന്യസിച്ചിരുന്നു. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന് കീഴിലാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്.

Content Highlights: dalit man thrown away from tamil nadu temple, temple sealed

We use cookies to give you the best possible experience. Learn more