മുംബൈ: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ദളിത് യുവാവിനെ അര്‍ധനഗ്‌നനാക്കി കഴുത്തില്‍ ചെരുപ്പ് മാലയിട്ട് പരസ്യമായി നടത്തിച്ച് നാട്ടുകാര്‍.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ബി.എന്‍.എസിലെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം പ്രതികളായ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
രാമേശ്വര്‍ ഗുര്‍ജാര്‍, ബല്‍ചന്ദ് ഗുര്‍ജാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഭാന്‍പുര പൊലീസിന്റേതാണ് നടപടി.
ഭായിസോദാമണ്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. സെപ്റ്റംബര്‍ 29ന് ദളിത് യുവാവിനെതിരെ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. അവഹേളിക്കും വിധം പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടര്‍ന്ന് യുവാവിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
ഇതിനുപിന്നാലെയാണ് യുവാവിനെ നാട്ടുകാരില്‍ രണ്ട് പേര്‍ ഗ്രാമത്തിലൂടെ അര്‍ധനഗ്‌നനാക്കി നടത്തിച്ചത്. യുവാവിന്റെ മുഖത്ത് കറുപ്പ് നിറം പൂശിക്കൊണ്ടായിരുന്നു യുവാവിനെ നാട്ടുകാര്‍ക്കിടയിലൂടെ നടത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനിടെ യുവാവ് ഇക്കാര്യം പറഞ്ഞില്ലെന്നും, വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും പൊലീസ് അറിയിച്ചു.
Content Highlight: Dalit man paraded half-naked with shoe garland in Madhya Pradesh