national news
തെലങ്കാനയിലെ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, ഭാര്യയുടെ കുടുംബം ദുരഭിമാനക്കൊല നടത്തിയെന്ന് പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 27, 12:57 pm
Monday, 27th January 2025, 6:27 pm

ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് യുവാവിനെ നദിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവാവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പിതാവും മറ്റ് കുടുംബാംഗങ്ങളും ആരോപിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് പട്ടികജാതി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സൂര്യപേട്ട് ടൗണിലെ മാമില്ലഗദ്ദയിൽ നിന്നുള്ള ബണ്ടി എന്ന വഡ്‌കൊണ്ട കൃഷ്ണയാണ് (32 ) ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടതെന്ന് ലോക്കൽ പൊലീസ് സ്ഥിരീകരിച്ചു.

‘സംഭവത്തെക്കുറിച്ച് നിലവിൽ കൂടുതൽ ഒന്നും പറയാൻ സാധിക്കില്ല. ഇത് ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നു. കൊല്ലപ്പെട്ടത് മാമില്ലഗദ്ദയിൽ നിന്നുള്ള ബണ്ടി എന്ന വഡ്‌കൊണ്ട കൃഷ്ണയാണ്,’ പൊലീസ് സൂപ്രണ്ട് സൺപ്രീത് സിങ് പറഞ്ഞു.

തെലങ്കാനയിലെ ബാക് വേർഡ് കാസ്റ്റ് ആയ (ബി.സി) ഗൗഡ് ജാതിയിൽ നിന്നുള്ള കോട്‌ല ഭാർഗവിയെ കൃഷ്ണ യുവതിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ആറ് മാസം മുമ്പ് വിവാഹം കഴിച്ചിരുന്നു. ഭാര്യവീട്ടുകാർ വിവാഹത്തിന് വളരെയധികം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ എതിർപ്പാകും കൊലപാതകത്തിന് കാരണമെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം മഹേഷ് എന്ന സുഹൃത്തിൽ നിന്ന് കൃഷ്ണയ്ക്ക് ഫോൺ വന്നതായും പിന്നാലെ ഫോൺ വീട്ടിൽ വെച്ച് കൃഷ്ണ വീട്ടിൽ നിന്ന് പോയതായും ഭാർഗവി പൊലീസിനോട് പറഞ്ഞു.

നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് അരികിൽ കിടക്കുന്ന നിലയിലാണ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മുഖം പാറക്കല്ലുകൾ കൊണ്ട് അടിച്ച് തകർത്ത നിലയിലായിരുന്നു. സൂര്യപേട്ട റൂറൽ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്യുകയും സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകൾ ശേഖരിക്കാൻ തുടങ്ങുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂര്യപേട്ടിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

 

 

Content Highlight: Dalit man found dead on riverbank in Telangana’s Suryapet, father alleges ‘honour killing’ by wife’s family