യു.പിയില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ മൂത്രം കുടിപ്പിച്ചു; മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; അക്രമം കൃഷിചെയ്യാന്‍ വിസ്സമതിച്ചെന്നാരോപിച്ച്
national news
യു.പിയില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ മൂത്രം കുടിപ്പിച്ചു; മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; അക്രമം കൃഷിചെയ്യാന്‍ വിസ്സമതിച്ചെന്നാരോപിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd May 2018, 9:55 am

ലഖ്‌നൗ: യു.പിയില്‍ ദളിത് യുവാവിനെ മൂത്രംകുടിപ്പിച്ച് ഉയര്‍ന്ന ജാതിക്കാര്‍. സിതാറാം വാത്മീകി എന്നയാളാണ് മേല്‍ജാതിക്കാരുടെ അതിക്രമത്തിന് ഇരയായത്.

വിജയ് സിങ്, പിങ്കു സിങ്, ശൈലേന്ദ്ര സിങ്, വിക്രം സിങ് എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് പിടികൂടിയത്. തങ്ങളുടെ 20 സെന്റ് നിലത്ത് കൃഷിചെയ്യണമെന്ന് ഇവര്‍ സീതാറാമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് സുഖമില്ലെന്നും അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും സീതാറാം ഇവരോട് പറഞ്ഞു. ഇതില്‍ കുപിതരായ നാലംഘ സംഘം സീതാറാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.


Dont Miss വീണ്ടും വിവാദ പ്രസംഗവുമായി ത്രിപുര മുഖ്യമന്ത്രി; ഭരണം ചോദ്യം ചെയ്യുന്നവരുടെ നഖം വെട്ടുമെന്ന് ഭീഷണി


ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. സീതാറാമിനെ സ്വന്തം വീട്ടില്‍ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി മരത്തില്‍കെട്ടിയിടുകയും മീശ പിടിച്ച് വലിച്ച ശേഷം ബലമായി മൂത്രം കുടിപ്പിക്കുകയുമായിരുന്നു- സീതാറാമിന്റെ ഭാര്യ ജയ്മാല പറയുന്നു.

താനും 14 വയസുള്ള തങ്ങളുടെ മകനും അദ്ദേഹത്തെ വെറുതെ വിടണമെന്ന് പറഞ്ഞ് കാലുപിടിച്ചുകരഞ്ഞിട്ടും അവര്‍ കേട്ടില്ലെന്നും ജയ്മാല പറയുന്നു. തുടര്‍ന്ന് സംഭവം അറിയിച്ചുകൊണ്ട് പൊലീസിനെ വിളിച്ചെന്നും പൊലീസ് എത്തിയാണ് ഭര്‍ത്താവിനെ രക്ഷിച്ചതെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഇതിന് പിന്നാലെ രാത്രിയില്‍ ഞങ്ങളുടെ വീട് ചിലര്‍ ആക്രമിച്ചു. പൊലീസിനെ വിളിച്ചെങ്കിലും സീതാറാമിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഭാര്യ പറയുന്നു.

എന്നാല്‍ വിളവെടുപ്പ് നടത്താനായി നേരത്തെ 6000 രൂപ വാങ്ങി സീതാറാം പറ്റിക്കുകയായിരുന്നു എന്ന പരാതിയിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥനായ ശര്‍മ പറയുന്നു.

എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ സീതാറാമിനെ കാണാതായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അദ്ദേഹം എവിടെയാണെന്ന് ഒരറിവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്‌റ്റേഷനില്‍ വെച്ച് തന്റെ ഭര്‍ത്താവ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.