ഹോട്ടൽ പൂട്ടേണ്ടി വന്നാലും ദളിതർക്ക് ഭക്ഷണം വിളമ്പില്ല ; ഹോട്ടൽ ഉടമയെ അറസ്റ്റ് ചെയ്ത് പൊലീസ്
Caste Discrimination
ഹോട്ടൽ പൂട്ടേണ്ടി വന്നാലും ദളിതർക്ക് ഭക്ഷണം വിളമ്പില്ല ; ഹോട്ടൽ ഉടമയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st January 2024, 9:10 am

 

ബെംഗളൂരു : ഹോട്ടൽ പൂട്ടേണ്ടി വന്നാലും ദളിത് യുവാക്കൾക്ക് ഭക്ഷണം നൽകാൻ വിസമ്മതിച്ച ഹോട്ടൽ ഉടമ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെല്ലാരിയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളാണ് വിവേചനപരമായ അപമാനത്തിന് ഇരയായത്.

ഹോട്ടൽ പൂട്ടേണ്ടി വന്നാലും ദളിതർക്ക് ഭക്ഷണം നൽകാനാവില്ലെന്ന് വെല്ലുവിളിച്ച ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

കുരു കുട്ടേഗൂര്‍ ഗ്രാമത്തിൽ ഹോട്ടൽ നടത്തുന്ന നാഗവേണി ഇവരുടെ ബന്ധു വീരഭദ്രപ്പയുമാണ് അറസ്റ്റിലായത്. വിവേചനത്തിനിരയായ മഹേഷ് എന്ന യുവാവാണ് പൊലീസ് പരാതി നൽകിയത്. ഹോട്ടലിൽ എത്തിയ ദളിതരെ അവർ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ശേഷം ഹോട്ടലും പരിസരവും വൃത്തിയാക്കിയതായും പരാതിയിൽ യുവാവ് പറയുന്നു.

ദളിത് സംഘടനകൾ അടക്കം നിരവധി ആളുകൾ പ്രതിഷേധമുയർത്തിയതോടെയാണ് പൊലീസ് കേസെടുത്തത്. എസ്‌.സി/എസ്.ടി അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച കുറുഗോഡ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെ.എം.എഫ്‌.സി) കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ജാതി വിവേചനം നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന് കടമകൾക്ക് തഹസിൽദാർ മുന്നറിയിപ്പ് നൽകി. സ്ഥിതി ശാന്തമാക്കാൻ സ്ഥലത്തെ തഹസിൽദാർ രാഘവേന്ദ്രയുടെ മേൽനോട്ടത്തിൽ വിളിച്ച് ചേർത്ത യോഗത്തിലായിരുന്നു നിർദേശം.

തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്ന പ്രദേശമാണിത്. സർക്കാർ കർശനമായ നിയമങ്ങൾ നടപ്പിലാക്കിയിട്ടും, സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു.

Content Highlight: Dalit man denied food at Bellari hotel, owner arrested after video goes viral.