national news
വിവാഹച്ചടങ്ങില്‍ സവര്‍ണരുടെ മുമ്പിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 06, 03:13 am
Monday, 6th May 2019, 8:43 am

തെഹ്‌രി: വിവാഹച്ചടങ്ങില്‍ സവര്‍ണരുടെ മുമ്പിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലാണ് സംഭവം.

ശ്രീകോട്ട് ഗ്രാമത്തില്‍ നടന്ന വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജീതേന്ദ്രയെന്ന 23 വയസ്സുകാരനെയാണ് സവര്‍ണര്‍ തല്ലിക്കൊന്നത്.

ഏപ്രില്‍ 26നാണ് യുവാവിനെ സവര്‍ണര്‍ ആക്രമിച്ചത്. ക്രൂര മര്‍ദ്ദനത്തിനിരയായ യുവാവിനെ മാരക പരിക്കുകളോടെ ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒമ്പതു ദിവസം മരണത്തോട് മല്ലടിച്ച ജീതേന്ദ്ര ഞായറാഴ്ച മരണത്തിന് കീഴടങ്ങി.

ജീതേന്ദ്രയുടെ സഹോദരിയുടെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തതായി ഡി.എസ്.പി ഉത്തംസിങ് ജിംവാള്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എസ്.പി അറിയിച്ചു.