ദളിത് ജീവിതം അവഗണനയില്‍: ക്വാറിക്കടുത്തുള്ള കൃഷിഭൂമിക്ക് പകരം ലഭിച്ചത് വെള്ളമില്ലാത്ത വനഭൂമി
റെന്‍സ ഇഖ്ബാല്‍

കോഴിക്കോട് തോട്ടുമുക്കത്ത് ക്വാറിക്കടുത്ത് രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയും രണ്ട് വീടും ഉണ്ടായിരുന്ന മുതുവന്‍ വിഭാഗത്തില്‍പ്പെടുന്ന കോരസ്വാമി ഇപ്പോള്‍ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ക്വാറിയുടമ ഇവരുടെ സ്ഥലം എടുത്ത് പകരം മറ്റ് രണ്ട് ഇടങ്ങളിലായി സ്ഥലവും ഒരു വീടും നല്‍കി. ആ വീട്ടില്‍ ഇവരുടെ ഒരു മകന്റെ കുടുംബം താമസിക്കുന്നു. കൊടുത്തിരിക്കുന്ന സ്ഥലത്തേക്കാണെങ്കില്‍ വാഹനം പോകില്ല,നടന്നു തന്നെ പോകണം.

ഇത് കുന്നിന്‍ മുകളില്‍ ആയതിനാല്‍ പ്രയാസപ്പെട്ട് കയറണം. പ്രായക്കൂടുതല്‍ കൊണ്ടുള്ള രോഗങ്ങളും ആസ്തമയും മൂലം കോരസ്വാമിക്ക് അവിടെ എത്താന്‍ സാധ്യമല്ല. വെള്ളം ലഭിക്കാത്തതുകൊണ്ട് ഈ ഭൂമി കൃഷിയോഗ്യവുമല്ല. മഴയത്താണെങ്കില്‍ ഇവിടെ അട്ടയുടെ ശല്യവും. കോരസ്വാമിക്ക് ലഭിച്ച മുതലിന് അദ്ദേഹത്തിന്റെ ആദ്യത്തെ ഭൂമിയുടെ പകുതി മൂല്യം പോലും ഇല്ല. നഷ്ടങ്ങളുടെ ഒരു മാറ്റക്കച്ചവടത്തിന് ഇരയാണ് കോരസ്വാമി.