| Thursday, 4th June 2020, 8:20 am

'ഇന്ത്യന്‍ ഭരണഘടനയുടെ പരിരക്ഷയില്‍ ഉള്‍പ്പെടുന്നതാണ് ദളിത്-ആദിവാസികളുടെ വിദ്യാഭ്യാസ അവകാശം'; ഓണ്‍ലൈന്‍ പഠനത്തില്‍ അഴിച്ചു പണി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദളിത് നേതാക്കളുടെ നിവേദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ പഠന രീതി ദളിത്-ആദിവാസി കുട്ടികളുടെ ആവശ്യങ്ങള്‍ പരിഗണനയിലെടുക്കാതെയാണെന്ന് ദളിത് നേതാക്കള്‍.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സണ്ണി. എം. കപിക്കാട്, ലീല സന്തോഷ്, കെ.അംബുജാക്ഷന്‍ തുടങ്ങിയ 24 ദളിത് ആക്ടിവിസ്റ്റുകളും, സമുദായ നേതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘം നിവേദനം നല്‍കി. വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടത്തുന്നതിന് ആദിവാസി-ദളിത് സമുദായ നേതാക്കളുമായും ഈ മേഖലയില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് നിവേദനത്തില്‍ പറയുന്നു.

ഒപ്പം ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും കൂടി പഠനം സാധ്യമാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ പഠനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന പത്ത് നിര്‍ദ്ദേശങ്ങളാണ് നിവേദനത്തില്‍ വെക്കുന്നത്.

ദളിത് ആദിവാസി പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി നടപ്പാക്കുമ്പോള്‍ ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ നടപ്പിലാക്കിയിട്ടില്ല എന്നും അതിനാല്‍ ഇപ്പോഴത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ച് എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കാനാവശ്യമായ സര്‍വേയും മറ്റു നടപടികളും സ്വീകരിക്കണമെന്ന് നിവേദനത്തില്‍ പറയുന്നു.

ടി.വിയോ ലാപ്‌ടോപ്പോ സെല്‍ഫോണോ ഇല്ലാത്ത ദളിത് ആദിവാസി വീടുകള്‍ വാര്‍ഡ് തലത്തില്‍ സര്‍വേ നടത്തി കണ്ടെത്തി ഇവ സൗജന്യമായി നല്‍കണമെന്നും ആവശ്യപ്പെടുന്നു.

ഒപ്പം ഊരുകളെയും ദളിത് കോളനികളെയും ഡിജിറ്റലൈസ് ചെയ്ത് ഓണ്‍ലൈന്‍ വിദ്യഭ്യാസം ജനകീയമാക്കുക, ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാത്ത ആദിവാസി ഊരുകള്‍ക്കും ദളിത് കോളനികള്‍ക്കും സമീപമായി ഡിജിറ്റല്‍ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ഡിജിറ്റല്‍ പഠന കേന്ദ്രങ്ങള്‍ക്ക് ആദിവാസി-ദളിത് സമുദായ പ്രതിനിധികള്‍, വാര്‍ഡ്‌മെമ്പര്‍മാര്‍, ആദിവാസികള്‍ക്കിടയിലെ അഭ്യസ്ത വിദഗ്ധര്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തികൊണ്ട് പിന്തുണ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more