കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ദളിത് നേതാവ് കെ.അംബുജാക്ഷന്‍ രാജി വെച്ചു. ഫേസ്ബുക്കിലൂടെയാണ് താന്‍ പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചതായി അംബുജാക്ഷന്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും, അധികാരത്തിന്റെ തലങ്ങളിലുള്ള അടിസ്ഥാന ശക്തികള്‍ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതിലേക്ക് നീങ്ങുന്നതും കണക്കിലെടുക്കുമ്പോള്‍, ദളിത് നേതൃത്വത്തെക്കുറിച്ചും സംഘടനയെക്കുറിച്ചും ഭാവിയിലെ രാഷ്ട്രീയ ഭാവനകളെക്കുറിച്ചും താന്‍ ആഴത്തില്‍ പുനര്‍വിചിന്തനം ചെയ്യാന്‍ തുടങ്ങിയെന്നും. ഈ സാഹചര്യത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് തന്റെ ഔദ്യോഗിക ബന്ധം പിന്‍വലിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു സഹയാത്രികനായിരുന്നുവെന്നും ഒടുവില്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടുവെന്നും അംബുജാക്ഷന്‍ പറഞ്ഞു.
സമുദായങ്ങളെ ജനാധിപത്യവല്‍ക്കരിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ പ്രക്രിയയ്ക്ക് ആവശ്യമായ ഒരു അന്തര്‍-സാംസ്‌കാരിക ചര്‍ച്ച നടത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കീഴില്‍ തങ്ങള്‍ക്ക് ധാരാളം അവസരങ്ങളുണ്ടെങ്കിലും, അത്തരം ശ്രമങ്ങള്‍ പൊതു വ്യവഹാരങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും കാലങ്ങളായി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് നിരവധി നേതാക്കളാണ് രാജി വെയ്ക്കുന്നത്. നേരത്തെ വെല്‍ഫെയര്‍ നേതാവായിരുന്ന ശ്രീജ നെയ്യാറ്റിന്‍കരയും പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിരുന്നു.
യു.ഡി.എഫുമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഖ്യ സാധ്യതാ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്നണിയിലെ പ്രധാനകകക്ഷിയായ മുസ്ലിം ലീഗിന്റെ നേതാവിനെതിരെ പ്രതികരിക്കരുതെന്ന് പാര്‍ട്ടിയുടെ നിര്‍ദേശമുണ്ടായിരുന്നെന്ന് ശ്രീജ നേരത്തെ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു. ഇതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ശ്രീജ പാര്‍ട്ടി വിട്ടത്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദളിത്-മുസ്‌ലിം ഐക്യം എന്നാശയം മുന്നോട്ട് വെച്ച് ജമാ അത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രൂപികരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Dalit leader K Ambujakshan resigns from Welfare Party