| Saturday, 11th August 2018, 12:48 pm

ബി.ജെ.പി നേതാവ് മാലയിട്ട അംബേദ്കര്‍ പ്രതിമ 'ശുദ്ധീകരിച്ച്' ദളിതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീററ്റ്: ബി.ജെ.പി നേതാവ് മാലയിട്ട അംബേദ്കര്‍ പ്രതിമ “ശുദ്ധീകരിച്ച്” മീററ്റിലെ ദളിത് അഭിഭാഷകര്‍. ബി.ജെ.പി ഉത്തര്‍ പ്രദേശ് സംസ്ഥാന സെക്രട്ടറി സുനില്‍ ബന്‍സാല്‍ മാലയിട്ട് ആദരിച്ചതിനെത്തുടര്‍ന്നാണ് ഡോ. ബി.ആര്‍.അംബേദ്കറിന്റെ പ്രതിമ അഭിഭാഷകര്‍ ചേര്‍ന്ന് പാലും ഗംഗാജലവുമൊഴിച്ച് ശുദ്ധീകരിച്ചത്.

ജില്ല കോടതിയുടെ സമീപത്തുള്ള പ്രതിമ ബന്‍സാല്‍ ഹാരാര്‍പ്പണം നടത്തിയതോടെ അശുദ്ധമായെന്നും അതിനാലാണ് തങ്ങള്‍ ശുദ്ധികലശം നടത്തുന്നതെന്നുമായിരുന്നു അഭിഭാഷകരുടെ വിശദീകരണം.

“ആര്‍.എസ്.എസിന്റെ രാകേഷ് സിന്‍ഹയും ഇവിടെ വന്ന് അംബേദ്കര്‍ പ്രതിമയില്‍ മാലയിട്ടിരുന്നു. അക്കാരണത്താലാണ് ശുദ്ധീകരിക്കുന്നത്. ദളിതുകള്‍ക്കെതിരായ നിലപാടുകള്‍ മാത്രം സ്വീകരിക്കുന്ന ചരിത്രമാണ് ബി.ജെ.പി സര്‍ക്കാരിനുള്ളത്. അംബേദ്കറിന്റെ രാഷ്ട്രീയവുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ല. സ്വന്തം പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുവരാനും ദളിത് സമൂഹത്തെ സ്വാധീനിക്കാനുമാണ് അംബേദ്കറിന്റെ പേര് ഇവരുപയോഗിക്കുന്നത്.” അഭിഭാഷകരിലൊരാള്‍ മാധ്യമങ്ങളോടു പറഞ്ഞു.

Also Read: അറസ്റ്റിലായ ഹിന്ദുത്വ തീവ്രവാദ സംഘടനാ നേതാക്കള്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് മഹാരാഷ്ട്ര എ.ടി.എസ്

ദളിതരെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നതിനായി നിലനിന്നിരുന്ന തൊട്ടുകൂടായ്മ പോലുള്ള ദുരാചാരങ്ങള്‍ക്കെതിരെ കര്‍ശനമായി പ്രതികരിച്ചിരുന്ന അംബേദ്കറിനെ ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അഭിഭാഷകരുടെ പക്ഷം.

സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെ സഹാരണ്‍പൂരില്‍ കലാപങ്ങള്‍ ആസൂത്രണം ചെയ്തത് ബി.ജെ.പിയാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ ചേര്‍ന്ന് ദളിതര്‍ക്കെതിരെ കൊടിയ മര്‍ദ്ദനമഴിച്ചുവിട്ട സംഭവത്തില്‍ കുട്ടികളടക്കം 200 ദളിതരാണ് ജയിലിലടയ്ക്കപ്പെട്ടത്.

കഴിഞ്ഞ മാസമാണ് ബി.ജെ.പി എം.എല്‍.എ മനീഷ അനുരാഗിയുടെ സന്ദര്‍ശനത്തിനു ശേഷം ഉത്തര്‍പ്രദേശിലെ ഹമിര്‍പൂരിലെ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയത്. ക്ഷേത്രം ഗംഗാജലമൊഴിച്ച് “ശുദ്ധീകരി”ക്കുകയും വിഗ്രഹങ്ങള്‍ ശുദ്ധിയാക്കാന്‍ അലഹബാദിലേക്ക് അയയ്ക്കുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more