| Sunday, 27th September 2020, 11:33 am

സോഷ്യല്‍ മീഡിയയില്‍ ബ്രാഹ്മണ്യത്തിനെതിരെ പോസ്റ്റിട്ടു; ഗുജറാത്തില്‍ ദളിത് അഭിഭാഷകനെ കൊലപ്പെടുത്തിയതായി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബ്രാഹ്മണ്യത്തിനെതിരെ സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ടതിന് ദളിത് അഭിഭാഷകനെ കൊലപ്പെടുത്തിയതായി പൊലീസ്. ഗുജറാത്തിലെ കച്ചില്‍ നിന്നുള്ള അഭിഭാഷകനായ ദേവ്ജി മഹേശ്വരിയെയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നാലെ സ്റ്റേഷനറി കടയിലെ ജീവനക്കാരനായ റാവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓള്‍ ഇന്ത്യ ബാക്ക് വാര്‍ഡ് ആന്‍ഡ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റെ മുതിര്‍ന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ദേവ്ജി മഹേശ്വരി. ഗുജറാത്ത് സ്വദേശിയായ റാവല്‍ മുംബൈയിലെ മാലാദില്‍ സ്‌റ്റേഷനറി കട നടത്തുകയാണ്.

മഹേശ്വരിയെ കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി ഗുജറാത്തിലെ റാവല്‍ മുംബൈയില്‍ നിന്നും റാപറിലേക്ക് വന്നുവെന്നും തുടര്‍ന്ന് ശനിയാഴ്ച അദ്ദേഹത്തെ വധിക്കുകയുമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യത്തില്‍ മഹേശ്വരി ഓഫീസില്‍ നിന്നും പുറത്തേറിങ്ങുകയും ചുവന്ന ടീഷര്‍ട്ട് ഇട്ട ഒരാള്‍ പിന്തുടരുന്നതും പിന്നീട് ഓടി പോകുന്നതുമാണ് കണ്ടതെന്നും പൊലീസ് വ്യക്തമാക്കി.

പിടിയിലായ റാവലും ദേവ്ജി മഹേശ്വരിയും തമ്മില്‍ ബ്രഹ്മണാധിപത്യവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പലപ്പോഴായി രാവല്‍ ദേവ്ജിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബ്രാഹ്മണ്യത്തെ വിമര്‍ശിച്ച് കൊണ്ട് മഹേശ്വരി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

‘ഒരു മാസത്തിലേറെയായി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബ്രാഹ്മണനായ റാവലും ദേവ്ജി മഹേശ്വരിയും ഒരേ നാട്ടുകാരാണ്. പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് റാവല്‍ മഹേശ്വരിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ മഹേശ്വരിയുടെ ഓഫീസില്‍ ചെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ തന്നെ പേടിപ്പിച്ചതുകൊണ്ടൊന്നും ബ്രാഹ്മണാധിപത്യത്തിനെതിരെ സംസാരിക്കുന്നതില്‍ നിന്നും താന്‍ പിന്നോട്ട് പോകില്ലെന്ന് മഹേശ്വരിയും റാവലിനോട് പറഞ്ഞിരുന്നു,’ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പട്ടിക ജാതിയിലും പട്ടിക വര്‍ഗത്തിലും മറ്റു പിന്നോക്ക വിഭാഗങ്ങളിലുമുള്ളവര്‍ ഹിന്ദുക്കളല്ലെന്ന് ആള്‍ ഇന്ത്യ ബാക്ക് വാര്‍ഡ് ആന്‍ഡ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ പ്രസിഡന്റ് വാമന്‍ മേശ്രം പറയുന്ന വീഡിയോയായിരുന്നു മഹേശ്വരി അവസാനമായി പോസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dalit lawyer killed over sharing anti brahmin posts on social media

We use cookies to give you the best possible experience. Learn more