എസ്സേയ്‌സ്/ഭന്‍വാര്‍ മേഘ്‌വന്‍ഷി
മൊഴിമാറ്റം/ഷഫീക്ക്
വിവിധ ജാതികളുടെ “സാമൂഹിക സ്വാംശീകരണ”ത്തിനുവേണ്ടി ഈ അടുത്ത കാലത്തായി ആര്‍.എസ്.എസ് നിലവിളി കൂട്ടുന്നുണ്ട്. എന്നാല്‍ വിവിധ ജാതികള്‍ തമ്മിലുള്ള സത്യസന്ധമായ ഒരു സ്വാംശീകരണത്തിന് വാസ്തവത്തില്‍ അവര്‍ക്ക് യാതോരു താല്‍പര്യവുമില്ല. ദലിത്, ആദിവാസികള്‍, ഒ.ബി.സി മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സംവരണ വിഷയങ്ങളടക്കമുള്ളയോട് തുടക്കം മുതല്‍ തന്നെ ഇവര്‍ക്ക് എതിര്‍പ്പാണുണ്ടായിരുന്നത് എന്നതില്‍ തന്നെ അവരുടെ സമീപനം വ്യക്തമാണ്.
[]
വിവിധ ജാതികള്‍ പരസ്പരം വേറിട്ടു നിന്നുകൊണ്ടുള്ള ജാതിശ്രേണികളും അസ്സമത്വവും പഴയപടി നിലനില്‍ക്കുക എന്നതാണ് ഈ ഹിന്ദുത്വ ക്യാമ്പിന്റെ “സ്വാംശീകരണ”ത്തിനു വേണ്ടിയുള്ള കാഹളത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം. അതിലൂടെ തൊട്ടുകൂടായ്മയും ദരിദ്രനും ധനികനും തമ്മിലുള്ള കഠിനമായ അന്തരവും വര്‍ദ്ധിപ്പിക്കാനും.
സാമൂഹിക സമത്വത്തെ എല്ലായ്‌പ്പോഴും എതിര്‍ത്തിട്ടുള്ളവരാണ് ഹിന്ദുത്വ ശക്തികള്‍. രണ്ട് സഹോദരങ്ങള്‍ പോലും വ്യത്യസ്തരായാണ് നിലകൊള്ളുന്നതെങ്കില്‍ പിന്നെ ഒരു സമൂഹത്തിനു മൊത്തത്തില്‍ എങ്ങെനെയാണ് സമത്വം കൊണ്ടുവരാനാകുന്നതെന്ന് പലപ്പോഴും ഇവര്‍ വാദിക്കുന്നുണ്ട്. അതുകൊണ്ടാണ് സമത്വം സാധ്യമല്ലെന്നും പരമാവധി സാധ്യമാകുന്നത് ഇവര്‍ മനസ്സിലാക്കുന്ന വിധമുള്ള സ്വാംശീകരണം മാത്രമാണെന്നും ഇവര്‍ പറയുന്നത്. അതായത് അവരെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നവരും ധനികരുമായവര്‍ അങ്ങനെതന്നെ നിലനില്‍ക്കുകയും ദരിദ്രരും കീഴാളരും അതേ അവസ്ഥയില്‍ തന്നെ തുടരുകയും വേണം. അതേസമയം ഈ രണ്ടു വിഭാഗത്തെയും സാധ്യമാകും വിധം ഐക്യപ്പെടുത്തുകയും ചെയ്യുക.
സാമൂഹിക സമത്വത്തെ എല്ലായ്‌പ്പോഴും എതിര്‍ത്തിട്ടു ള്ളവരാണ് ഹിന്ദുത്വ ശക്തികള്‍
നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ സംരക്ഷിക്കുന്ന ഹിന്ദുത്വ ശക്തികളുടെ സ്വാംശീകരണ സിദ്ധാന്തം ഇത്തരത്തില്‍ മുതലാളിത്വ-ജന്മിത്ത-പൗരോഹിത്യ ചൂഷിത വര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിയുടെയൊന്നും ആവശ്യമില്ല. അതുകൊണ്ടാണ് ഈ മൂന്ന് ചൂഷക വര്‍ഗ്ഗങ്ങളും ഹിന്ദുത്വ ശക്തികളുടെ കറകളഞ്ഞ അനുകൂലികളായിരിക്കുന്നത്. സാമൂഹിക സമത്വം എന്നത് ഈ മൂന്ന് വര്‍ഗങ്ങളെയും വേട്ടയാടുന്ന ഒന്നാണ്. ജനങ്ങളെ കൊള്ളയടിച്ചുകൊണ്ട് അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ട് അവര്‍ കൊടുക്കുന്ന സംഭാവനകളില്‍ സുഖകരമായി അഭിരമിക്കാന്‍ പൗരോഹിത്യവര്‍ഗം സ്വന്തം തൊഴില്‍ കുത്തകയാക്കാന്‍ ആഗ്രഹിക്കുന്നു.
മുമ്പ് രാജാക്കന്‍മാരും മഹാരാജാക്കന്‍മാരും ആയിരുന്നവര്‍ ഇപ്പോഴും ഈ നാടിന്റെയും ഇന്ത്യാക്കാരുടെയും പ്രജകളുടെയും അധിപന്‍മാരായി വാഴാന്‍ ആഗ്രഹിക്കുന്നു. വ്യാപാരികളാകട്ടെ സാമ്പത്തിക മേഖലയില്‍ ആധിപത്യം നിലനിര്‍ത്താനും മുഴുവന്‍ ജനങ്ങളും ഭൂരഹിതരും ദരിദ്രനാരായണന്‍മാരുമായി നിലനില്‍ക്കുമ്പോള്‍ മൊത്തം സമ്പത്തും തങ്ങളുടെ കൈകളിലേയ്ക്ക് വസൂലാക്കാനും ശ്രമിക്കുന്നു.
ഈ മൂന്ന് വര്‍ഗങ്ങള്‍ക്കും വേണ്ടി ഇന്നത്തെ അസമത്വം നിറഞ്ഞ സാമൂഹിക വ്യവസ്ഥയെ നിലനിര്‍ത്താനും അതിനെ അവര്‍ക്കനുകൂലമാക്കി തീര്‍ക്കാനുമാണ് ഈ സ്വാശീകരണം പ്രവര്‍ത്തിക്കുന്നത്. ഈ സ്വംശീകരണത്തിനു പിന്നില്‍ അസമത്വത്തെ ഒളിപ്പിച്ചുവെച്ചുകൊണ്ട് ഇവര്‍ ദലിതരോടും ആദിവാസികളോടും സല്ലപിക്കുകയാണ്. അവരുടെ ക്ഷേമത്തിനായി എന്തൊക്കെയോ ചെയ്തിട്ടുണ്ട് എന്ന് നടിച്ചുകൊണ്ട് അവരെ പറ്റിക്കുകയാണ്. ദലിത് ആദിവാസി മേഖലയിലേയ്ക്ക് കടന്നു ചെന്ന് അവരോടൊപ്പം ആഹാരം കഴിച്ചും അവര്‍ക്കായി മത സ്ഥാപനങ്ങള്‍ സ്ഥാപിച്ചും അവരുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നു. വാസ്തവത്തില്‍ ഇതിലൂടെ ഇവരാരും തന്നെ ദലിതര്‍ക്കും ആദിവാസികള്‍ക്കും ഒപ്പമല്ല ഉള്ളതെന്ന് തെളിയിക്കുക മാത്രമാണ് ചെയ്യുന്നത്.
എന്നാല്‍ ദലിത്-ആദിവാസി മറ്റ് അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളോടുള്ള ഇവരുടെ യഥര്‍ത്ഥ സമീപനം അറിയണമെങ്കില്‍ സംവരണത്തോടുള്ള ഇവടെ സമീപനം പരിശോധിച്ചു നോക്കിയാല്‍ മതി. അപ്പോള്‍ കാണാം ഇവരുടെ ശരിയായ മുഖം. ഇവര്‍ മറച്ചുവെച്ചിരുക്കുന്ന അതി നിഷ്ഠൂരമായ യാഥാര്‍ത്ഥ്യം മറനീക്കി പുറത്തു ചാടുന്നത് നമുക്ക് വ്യക്തമാകും.
സംവരണം വോട്ടുമറിക്കാനുള്ള ഒരായുധമാണെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നത്തെ ആര്‍.എസ്.എസ് മേധാവിയായിരുന്ന സുദര്‍ശന്‍ ഒരു രേഖയില്‍ പറയുകയുണ്ടായി. എന്നാല്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം ഇന്ത്യയെ വിഭജിക്കുന്നുവെന്നും വിവിധ വര്‍ഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് തുരങ്കം വെയ്ക്കുന്ന ഒന്നാണിത് എന്നും പ്രഖ്യപിക്കാനുള്ള ധൈര്യവും മറ്റൊരു നേതാവായ ഇന്ദ്രേഷ് കുമാറിനുണ്ടായി. മറ്റൊരു ആര്‍.എസ്.എസ് വക്താവായ ദേവേന്ദ്ര സ്വരൂപാകട്ടെ, ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുന്ന ഒന്നാണ് സംവരണമെന്നും അത് ആര്‍ത്തി വളര്‍ത്തിക്കൊണ്ട് ജനാധിപത്യത്തെ മുടന്താക്കുന്നുവെന്നുമാണ് പ്രഖ്യാപിച്ചത്. കൂടാതെ സംവരണം ദേശവിരുദ്ധം കൂടിയാണ് അദ്ദേഹത്തിന്. ഒപ്പം മെരിറ്റിലൂടെ വരുന്ന വിദ്യാര്‍ത്ഥികളും മുഴുവന്‍ ബുദ്ധിജീവികളും മാധ്യമങ്ങളും വ്യാവസായിക വര്‍ഗങ്ങളും ജുഡീഷ്യല്‍ സംവിധാനവും മറ്റ് ഭരണഘടനാ സംവിധാനങ്ങളും ദേശവിരുദ്ധമായ സംവരണ നയത്തിനെതിരായി നിലകൊള്ളണമത്രേ. രാജ്യത്തുടനീളം ഇതിനെതിരായ ബഹുജന സമരവും ഉണ്ടാവണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
വിശ്വഹിന്ദു പരിഷത്തിന്റെ ജനറല്‍ സെക്രട്ടറിയായ പ്രവീണ്‍ തൊഗാഡിയ പ്രഖ്യപിച്ചത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിലൂടെ ഹിന്ദുക്കള്‍ എന്നെന്നും ഭയന്നിരുന്ന മധ്യകാല അധിനിവേശകരായ ഖില്‍ജിയുടെയും ഗസ്‌നിയുടെയും ലക്ഷ്യം പൂര്‍ത്തിയാക്കപ്പെടുമെന്നാണ്. രാജ്യത്തെ ഭിന്നിക്കാനുള്ള ഗൂഢാലോചനയാണ് ജാതി സംവരണമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബി.ജെ.പി നേതാവായ മുരളി മനോഹര്‍ ജോഷിയും പറഞ്ഞത് ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം തെറ്റായ ഒന്നാണ്. സംവരണ വിഷയത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുള്ളവരില്‍ ഏറ്റവും അപകടകാരികള്‍ ശിവസേനയാണ്. സംവരണത്തെ എതിര്‍ത്തുകൊണ്ട് ഭൂതകാലത്തില്‍ പോരാടിയ ഒന്നാണ് ഇന്ന് പ്രവര്‍ത്തനം അവസാനിച്ച ഹിന്ദുമഹാസഭ. അതിന്റെ സ്ഥാപക നേതാവായ വി.ഡി. സവര്‍ക്കറിന്റെ മരുമകളും ഗോഡ്‌സെ കുടുംബത്തിലും പെട്ട ഹിമാനി സര്‍ക്കാര്‍ പറയുന്നത്, “ഹിന്ദുമഹാസഭ ഏപ്പോഴും സംവരണത്തിനെതിരായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഹിന്ദു മഹാസഭ അതിന്റെ കര്‍ണ്ണാവതി, ഭാഗല്‍പൂര്‍ സമ്മേളനങ്ങളില്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള സംവരണത്തെ എതിര്‍ത്തിരുന്നു” എന്നാണ്.
എല്ലാ ഹിന്ദുക്കളും സഹോദരന്മരാണ് എന്ന് വീണ വായിക്കുന്ന ആര്‍.എസ്.എസ് സംവരണത്തിന്റെ വിഷയം വരുമ്പോള്‍ അടിച്ചമര്‍ത്തപ്പെടുന്ന ജാതികള്‍ക്കെതിരായാണ് നിലകൊള്ളുന്നതെന്ന് മേല്‍ പ്രസ്താവിച്ചിട്ടുള്ള ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നു. പലപ്പോഴും സംവരണത്തിനെതിരായി പോരാടുന്ന ഹിന്ദുത്വ ശക്തികള്‍ക്ക് അടിച്ചമര്‍ത്തപ്പെടുന്നവരുടെ പിന്തുണ നഷ്ടപ്പെടുമോ എന്ന് ഭയക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. അതുകൊണ്ടാണിവര്‍ സ്വാംശീകരണത്തിന്റെയും ഐക്യത്തിന്റെയും ഗീതങ്ങള്‍ മുഴക്കുന്നത്.
രാജസ്ഥാനില്‍ നിന്നുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനാണ് ലേഖകന്‍. അടിസ്ഥാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന “ഡയമണ്ട് ഇന്ത്യ” എന്ന മാസികയുടെ എഡിറ്ററും കൂടിയാണ് അദ്ദേഹം.
കടപ്പാട്: countercurrent.org