ഭോപ്പാല്‍: അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തി ജോലി നിഷേധിക്കുന്നെന്ന ആരോപണവുമായി മധ്യപ്രദേശിലെ ദലിത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍. രമേശ് തെറ്റെ എന്ന ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്നെ രോഹിത് വെമൂലയുടെ അവസ്ഥയിലേക്ക് നയിക്കുകയാണെന്ന് രമേശ് ആരോപിക്കുന്നു.
മധ്യപ്രദേശിലെ പഞ്ചായത്ത് നഗരവികസന വകുപ്പ് സെക്രട്ടറിയാണ് രമേശ് തെറ്റെ. പഞ്ചായത്ത് നഗരവികസന വകുപ്പിന്റെ അധികച്ചുമതലയുള്ള ജലവിഭവ വകുപ്പ് ചീഫ് സെക്രട്ടറി ആര്‍.എസ് ജുലാനിയ തനിക്ക് ജോലി നിഷേധിക്കുകയും തന്നെ തൊട്ടുകൂടാത്തവനായി പ്രഖ്യാപിക്കുകയും ചെയ്‌തെന്ന് രമേശ് പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും അത് പരിഗണിക്കാതെ തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു മുഖ്യമന്ത്രിയെന്നും രമേശ് അഭിപ്രായപ്പെട്ടു. ഒരു അംബേദ്കര്‍വാദിയായ താന്‍ സമത്വത്തിനും സാഹോദര്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്ന് രമേശ് പറഞ്ഞു.
ചൗഹാനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് മധ്യപ്രദേശില്‍ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് രമേശ് പ്രധാമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഒരു ദലിത് ഉദ്യോഗസ്ഥനായ തന്നെ അകാരണമായി പീഡിപ്പിക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരിക്കുകയാണ്. ഇത്തരം പ്രവൃത്തികളിലൂടെ സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും തന്നെ മാനസികമായി തകര്‍ക്കുകയാണെന്നും രമേശ് പറഞ്ഞു.
സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ ജുലാനിയയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയാണെങ്കില്‍ ഉടനടി അദ്ദേഹം ജയിലഴികള്‍ക്കുള്ളില്‍ ആകുമെന്നും രമേശ് പറഞ്ഞു. പന്ന ജില്ലയില്‍ 70 കോടിമുടക്കി നിര്‍മിച്ച രണ്ട് അണക്കെട്ടുകള്‍ അടുത്തിടെ തകര്‍ന്നെന്നും ആദ്യമഴയെപ്പോലും അതിജീവിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അഴിമതിക്കാരനായ ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹവും ഈ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഡീഷണല്‍ കമ്മീഷണറായിരിക്കെ രണ്ട് വര്‍ഷം മുന്‍പ് ഉജ്ജെയിനില്‍ അനധികൃതമായി ഭൂമി അനുവദിച്ച സംഭവത്തില്‍ ടെറ്റെയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ലോകായുക്തയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ദളിത് ആദിവാസി ഫോറം ജനുവരി 11 ന് സംഘടിപ്പിച്ച ധര്‍ണയില്‍ ടെറ്റെ പങ്കെടുത്തിരുന്നു. ദളിതരും പട്ടിക വിഭാഗത്തില്‍പ്പെട്ടവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ വിവേചനം നിലനില്‍ക്കുന്നു എന്നാരോപിച്ചായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്.