| Saturday, 23rd June 2018, 8:05 pm

'ദളിതന്‍ കുതിരയോട്ടത്തില്‍ പങ്കെടുക്കരുതെന്നാണ് അവര്‍ പറയുന്നത്': തന്റെ ജീവനു ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രിക്ക് യുവാവിന്റെ സന്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ ജീവന്‍ അപകടത്തിലാണെന്നു കാണിച്ച് പ്രധാനമന്ത്രിക്ക് കുതിരയോട്ട ചാമ്പ്യന്റെ സന്ദേശം. പണവും സ്വാധീനവുമുള്ള ചിലര്‍ തന്നെ ഉപദ്രവിക്കാനും കൊലപ്പെടുത്താനും പദ്ധതിയിട്ടിട്ടുണ്ടെന്നാണ് ഇരുപത്തിമൂന്നുകാരനായ പ്രവീണ്‍ കുമാര്‍ പ്രധാനമന്ത്രിക്കയച്ച ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്.

താന്‍ ദളിതനായതിനാലാണ് തനിക്കെതിരെ അതിക്രമങ്ങള്‍ക്കു പദ്ധതിയിട്ടിരിക്കുന്നതെന്നും, “ഉയര്‍ന്ന ജാതി”യില്‍പ്പെട്ടവര്‍ക്കു മാത്രം പറഞ്ഞിട്ടുള്ള കായികവിനോദത്തില്‍ താന്‍ ഏര്‍പ്പെട്ടതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നതെന്നും പ്രവീണ്‍ പറയുന്നു. തനിക്കെതിരെ ആസിഡ് ആക്രമണത്തിനും ഇവര്‍ ഒരുങ്ങുന്നതായി പ്രവീണ്‍ ആരോപിക്കുന്നുണ്ട്.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി, പണവും സ്വാധീനവുമുള്ള ചിലര്‍ എന്റെ ജാതിയോടുള്ള വിദ്വേഷം കാരണം എനിക്കു നേരെ ആസിഡ് ആക്രമണം നടത്താനും, എന്നെ ഉപദ്രവിക്കാനും കൊലപ്പെടുത്താനും പദ്ധതിയിട്ടിട്ടുണ്ട്. ഞാന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളും, കുതിരയോട്ട ചാമ്പ്യനുമാണ്. താങ്കള്‍ക്കും താങ്കളുടെ ക്യാബിനറ്റിനും ഞാനയച്ച ട്വീറ്റുകള്‍ക്കും ഇ-മെയില്‍ സന്ദേശങ്ങള്‍ക്കും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സാകേത് കോടതിയില്‍ ഞാനൊരു കേസ് ഫയല്‍ ചെയ്യുകയും ദളിതരോടു കാണിക്കുന്ന ഉദാസീനത കൃത്യമായി മനസ്സിലാക്കുകയും ചെയ്തു.” പ്രവീണിന്റെ ട്വീറ്റില്‍ പറയുന്നു.


Also Read:ഗുരുദ്വാര സന്ദര്‍ശിക്കുന്നതില്‍ നിന്നും ഇന്ത്യന്‍ സ്ഥാനപതിയെ വിലക്കിയ സംഭവം: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ച് വരുത്തി


കുതിരയോട്ടത്തിലെ “ഡ്രസ്സേജ്” ഇനത്തില്‍ അന്താരാഷ്ട്ര ചാമ്പ്യനാണ് താനെന്ന് പ്രവീണ്‍ പറയുന്നു. ഭീഷണി നിലനില്‍ക്കുന്ന വിഷയം ചൂണ്ടിക്കാട്ടി താന്‍ പ്രധാനമന്ത്രിക്ക് സന്ദേശമയച്ചതിനാല്‍ താനും കുടുംബവും വ്യാജ കേസുകളില്‍ കുടുങ്ങാനോ കൊല്ലപ്പെടാനോ പോലും സാധ്യതയുണ്ടെന്നും പ്രവീണ്‍ പറയുന്നുണ്ട്.

“ഉയര്‍ന്ന ജാതി”യില്‍പ്പെട്ടവര്‍ക്കുള്ള കായികവിനോദമായ കുതിരയോട്ടം ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ പരിശീലിക്കരുതെന്നാവശ്യപ്പെട്ട് ഒരു സുപ്രീം കോടതി അഭിഭാഷകനടക്കം ചിലര്‍ തനിക്കെതിരെ അതിക്രമങ്ങള്‍ക്കു തയ്യാറെടുക്കുന്നുണ്ടെന്നു കാണിച്ച് ഏപ്രില്‍ 29നാണ് പ്രവീണ്‍ പ്രധാനമന്ത്രിക്ക് ആദ്യമായി സന്ദേശമയയ്ക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് കുതിരപ്പുറത്തു സഞ്ചരിച്ചുവെന്ന കാരണത്തിന് ഗുജറാത്തിലെ ഭാവ്‌നഗറില്‍ ദളിത് യുവാവിനെ വെട്ടിക്കൊന്നത്.

We use cookies to give you the best possible experience. Learn more