Dalit Hartal
സുരേഷ് ഗോപി എം.പിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു; കേരളത്തില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 09, 08:05 am
Monday, 9th April 2018, 1:35 pm

ചെങ്ങന്നൂര്‍: കേരളത്തില്‍ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ സുരേഷ് ഗോപി എം.പിയുടെ വാഹനം തടഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനു എത്തിയതായിരുന്നു സുരേഷ് ഗോപി.

രാവിലെ കെ.എസ്. ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും പത്ത് മണിയോടെ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ സര്‍വീസ് നിറുത്തിവയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി നിര്‍ബന്ധിതമായി. സ്വകാര്യ ബസുകളും പതിവ് സര്‍വീസ് നടത്തിയില്ല.

തിരുവനന്തപുരത്ത് പലയിടങ്ങളിലും സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. നെടുമങ്ങാട്, പലോട് എന്നിവിടങ്ങളിലും സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞു. ദീര്‍ഘദൂര ബസുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. പലയിടത്തും ബസുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

കൊല്ലം ശാസ്താംകോട്ടയിലും തൃശൂര്‍ വലപ്പാടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ ബസ് തടഞ്ഞ സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലും കടകള്‍ അടപ്പിക്കാനുള്ള ശ്രമമുണ്ടായി. പാലക്കാടും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ബസിനടിയില്‍ കിടന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധിച്ചു. പട്ടാമ്പിയില്‍ കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസ് അടിച്ചുതകര്‍ത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. കൊച്ചിയില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ ഏഴുപേരെയും ആലപ്പുഴയില്‍ പതിനൊന്ന് പേരെയും വടകരയില്‍ മൂന്നു പേരെയും പൊന്നാനിയില്‍ ഏഴുപേരെയുമാണ് അറസ്റ്റ് ചെയ്തത്. വിവിധ ഇടങ്ങളില്‍ നിന്ന് ഇപ്പോഴും ഹര്‍ത്താല്‍ അനുകൂലികളെ തടയുകയാണ്.