| Thursday, 26th July 2018, 10:16 am

എ.കെ ഗോയലിനെ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷനാക്കിയതിനെതിരെ എന്‍.ഡി.എയില്‍ ഭിന്നത; പുറത്താക്കണമെന്ന് ദളിത് എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജസ്റ്റിസ് എ.കെ ഗോയലിനെ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷനാക്കിയതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി സഖ്യത്തിലെ ദളിത് എം.പിമാര്‍. എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ വിധി പുറപ്പെടുവിച്ചത് ഗോയലായിരുന്നു. അഞ്ചു വര്‍ഷത്തേക്കാണ് ഗോയലിനെ ഗ്രീന്‍ ട്രിബ്യൂണലില്‍ മോദി സര്‍ക്കാര്‍ നിയമിച്ചത്.

ഗോയലിന്റെ നിയമനത്തിനെതിരെ എന്‍.ഡി.എയിലെ ദളിത് എം.പിമാര്‍ക്ക് വിയോജിപ്പുണ്ടെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. ഗോയലിനെ നിയമിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്ന് പാസ്വാന്‍ പറഞ്ഞു. ഗോയലിനെ നിയമിച്ചതിനെതിരെ പ്രതിഷേധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും രാജ്‌നാഥ് സിങ്ങിനും മോദിയ്ക്കും കത്ത് നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 2ലേത് (ദളിത് ഹര്‍ത്താല്‍) പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഗോയലിനെ അടിയന്തരമായി പിരിച്ചുവിടണമെന്ന് ചിരാഗ് പാസ്വാന്റെ കത്തില്‍ പറയുന്നു.

ഗോയലിനെ നിയമിച്ചതില്‍ ദളിതര്‍ക്ക് പ്രതിഷേധമുണ്ടെന്ന് ബി.ജെ.പി എം.പി ഉദിത് രാജ് പറഞ്ഞു. ഏപ്രില്‍ 2 ലെ പ്രക്ഷോഭത്തെ തുടര്‍ന്ന് അറസ്റ്റിലായ കുട്ടികളടക്കമുള്ളവര്‍ ജയിലില്‍ തുടരുകയാണെന്നും ഇവരെ വിട്ടയക്കണമെന്നും ഉദിത് രാജ് പറഞ്ഞു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും വിട്ടയക്കണമെന്ന് ഉദിത് രാജ് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിരവധി ദളിത് സംഘടനകള്‍ ആഗസ്റ്റ് 9ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സുപ്രീംകോടതിയിലെത്തുന്നതിന് മുമ്പ് ആര്‍.എസ്.എസിന്റെ അഭിഭാഷക സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നയാളാണ് എ.കെ ഗോയല്‍. ഗോയലും യു.യു ലളിതും ചേര്‍ന്ന ബെഞ്ചാണ് മാര്‍ച്ച് 20 ന് വിവാദ ഉത്തരവ് ഇറക്കിയിരുന്നത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതിയില്‍ ഉടന്‍ അറസ്റ്റു പാടില്ലെന്നും പ്രാഥമികാന്വേഷണം വേണമെന്നുമായിരുന്നു വിധി.

We use cookies to give you the best possible experience. Learn more