ന്യൂദല്‍ഹി: എസ്.സി-എസ്.ടി നിയമം ദുര്‍ബലപ്പെടുത്താനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ ദളിത് പ്രക്ഷോഭം ശക്തമാകുന്നു. തിങ്കളാഴ്ചത്തെ രാജ്യവ്യാപക ബന്ദിനു പിന്നാലെ കെട്ടിക്കിടക്കുന്ന എല്ലാ കേസുകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഡെഡ്‌ലൈന്‍ നല്‍കിയിരിക്കുകയാണ് ദളിത് സംഘടനകളിപ്പോള്‍.
ആഗസ്റ്റ് 15 മുമ്പ് കേസുകള്‍ പരിഹരിക്കണമെന്നാണ് ദളിത് സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ചത്തെ ബന്ദിന്റെ ഭാഗമായി വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദി ഭരണകക്ഷിയായ ബി.ജെ.പിയാണെന്നാണ് ദളിത് ഗ്രൂപ്പുകളുടെ വാദം. “ഈ അതിക്രമങ്ങളെ ഞങ്ങള്‍ അപലപിക്കുകയും ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ബി.ജെ.പി പ്രവര്‍ത്തകരാണ് അതിന് ഉത്തരവാദികള്‍. ദളിതരെയും അവര്‍ നടത്തുന്ന ജനാധിപത്യ പ്രക്ഷോഭത്തേയും മോശമാക്കി ചിത്രീകരിക്കാനാണ് അവര്‍ ഇതു ചെയ്യുന്നത്.” ദളിത് ആക്ടിവിസ്റ്റ് അശോക് ഭാരതി പറഞ്ഞു.
തന്റെ ആരോപണത്തിന് അദ്ദേഹം ഗ്വാളിയാറിലെ സംഭവത്തിന്റെ ഉദാഹരണവും നല്‍കുന്നുണ്ട്. ഗ്വാളിയാറില്‍ ഒരാള്‍ ജനങ്ങള്‍ക്കുനേരെ വെടിവെപ്പു നടത്തുന്ന ദൃശ്യങ്ങള്‍ എടുത്തു പറഞ്ഞ് അത് ബി.ജെ.പി പ്രവര്‍ത്തകനായ രാജ ചൗഹാനാണെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ നാലാളുകളില്‍ ഒരാള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെക്കുകയും അഞ്ചുപേരെ കൊലപ്പെടുത്തുകയും ചെയ്തത് ബി.ജെ.പി പ്രവര്‍ത്തകനായ രാജാ ചൗഹാനാണ്. ” അദ്ദേഹം വിശദീകരിക്കുന്നു.
തിങ്കളാഴ്ചത്തെ ബന്ദ് സ്വാഭാവിക പ്രതികരണമാണെന്നു പറഞ്ഞ അദ്ദേഹം ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
“ദളിതരുടെ ക്ഷമ നശിച്ചിരിക്കുകയാണ്. ഒരു വര്‍ഷം കൂടിയേയുള്ളൂ സര്‍ക്കാറിന്റെ കാലവധി അവസാനിക്കാന്‍. ഞങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാറിന് ഒരുപാട് സമയം ലഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ 2018 ആഗസ്റ്റ് 15 ഞങ്ങള്‍ ഡെഡ്‌ലൈനായി സര്‍ക്കാറിനു മുമ്പാകെ വെക്കുകയാണ്. ഇനി ഞങ്ങള്‍ക്ക് ഒരു ഉറപ്പുകളും വേണ്ട. പ്രവര്‍ത്തനമാണ് വേണ്ടത്.” അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ ഈ അന്ത്യശാസനം അവഗണിക്കുകയാണെങ്കില്‍ ദളിതരും ആദിവാസികളുമടക്കം പത്തുലക്ഷം നേതാക്കളുടെ റാലിയെയാണ് ദല്‍ഹി കാണേണ്ടിവരികയെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. “ഞങ്ങളുടെ പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്യാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും അനുവദിച്ചിട്ടില്ല. ഇത് സാമൂഹ്യമായ ഒരു മുന്നേറ്റമാണ്. മാറ്റത്തിന്റെ അലയൊലികള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അതൊരു കൊടുങ്കാറ്റായി മാറുകയും 2019ലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്യും. 2014ല്‍ വലിയൊരു വിഭാഗം ദളിതര്‍ ഈ ഭരണകൂടത്തിനുവേണ്ടി വോട്ടു ചെയ്തതാണ്. പക്ഷേ അവര്‍ക്ക് നീതി ലഭിച്ചില്ല.” ഭാരതി പറഞ്ഞു.
Watch doolnews Video