| Sunday, 27th May 2018, 7:30 pm

പെരുവഴിയില്‍ ഇറക്കിവിട്ടാല്‍ എന്തായിരിക്കും ഞങ്ങളുടെ അവസ്ഥ, ഇതാണോ നിങ്ങള്‍ പറയുന്ന നമ്പര്‍ 1 കേരളം? മുഖ്യമന്ത്രി പിണറായി വിജയന് തുരുത്തിയില്‍ കുടിയിറക്കപ്പെടുന്ന പെണ്‍കുട്ടിയുടെ തുറന്ന കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

“” ഈ കുടിയൊഴിപ്പിക്കലോടെ ഞങ്ങള്‍ എങ്ങോട്ടാണ് പോവുക? പുനരധിവാസത്തിലൂടെ ഞങ്ങള്‍ എവിടെയാണ് പുതിയ വീട് വെക്കുക. എനിക്കും എന്റെ തുരുത്തിയിലെ കൂട്ടുകാരികള്‍ക്കും ഈ കുടിയൊഴിപ്പിക്കലിന് ശേഷം എന്ത് സുരക്ഷിതത്വമാണ് ലഭിക്കുക ?”” കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന തുരുത്തി കോളനിയിലെ പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തില്‍ നിന്നുള്ളതാണീ വരികള്‍.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അറിയാന്‍

ഞാന്‍ കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയിലെ തുരുത്തി എന്ന ദളിത് കോളനി നിവാസിയാണ്. ഞാന്‍ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ഞങ്ങളിവിടെ തുരുത്തിയില്‍ ഒരു മുപ്പതോളം കുടുംബങ്ങള്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. ഈ മുപ്പതാം തിയ്യതിയിലെ മൂന്നാമത് അലൈന്‍മെന്റ് വരുന്നതോട് കൂടി ഞങ്ങള്‍ക്ക് വീട് ഉപേക്ഷിച്ച് പോവേണ്ടി വരും.

ബഹുമാനപ്പെട്ട സാര്‍,

ഈ കുടിയൊഴിപ്പിക്കലോടെ ഞങ്ങള്‍ എങ്ങോട്ടാണ് പോവുക ? പുനരധിവാസത്തിലൂടെ ഞങ്ങള്‍ എവിടെയാണ് പുതിയ വീട് വെക്കുക. എനിക്കും എന്റെ തുരുത്തിയിലെ കൂട്ടുകാരികള്‍ക്കും ഈ കുടിയൊഴിപ്പിക്കലിന് ശേഷം എന്ത് സുരക്ഷിതത്വമാണ് ലഭിക്കുക ? എങ്ങനെയാണ് ഞങ്ങളുടെ വിദ്യഭ്യാസം തുടര്‍ന്നു പോവുക ? പെണ്‍കുട്ടികളായ ഞങ്ങള്‍ പെരുവഴിയില്‍ ഇറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ ? എന്തടിസ്ഥാനത്തിലാണ് ദേശീയപാത വികസന സര്‍വ്വെ തടഞ്ഞപ്പോള്‍ പ്രായപൂര്‍ത്തി പോലുമാവാത്ത ഞങ്ങളുടെ സഹോദരിമാരെ താങ്കളുടെ പൊലീസ് അറസ്റ്റ് ചെയ്തത് ? ഇതാണോ താങ്കള്‍ പറഞ്ഞ എല്ലാം ശരിയാകുമെന്ന് പറഞ്ഞ നമ്പര്‍ 1 കേരളം ?

ഉത്തരങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്
ശില്‍ന. കെ
തുരുത്തി
പാപ്പിനിശ്ശേരി പി.ഒ
കണ്ണൂര്‍
670561

മുപ്പതോളം കുടുംബങ്ങളടങ്ങുന്ന തുരുത്തി കോളനിയിലാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ ശില്‍നയും താമസിക്കുന്നത്. പാപ്പിനിശ്ശേരിയിലെ രാഷ്ട്രീയ സവര്‍ണ്ണലോബികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ നടത്തുന്ന നീക്കങ്ങള്‍ തിരിച്ചറിഞ്ഞാണ് ശില്‍നയടക്കമുള്ള പെണ്‍കുട്ടികള്‍ ഇവിടെ സമരത്തിന് ഇറങ്ങിയത്. സര്‍വ്വെ എടുക്കാന്‍ വന്നവര്‍ക്കെതിരെ പ്രതിഷേധിച്ചതിന് ശില്‍നയടക്കമുള്ള കോളനിയിലെ പെണ്‍കുട്ടികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഒരു മാസത്തിലധികമായി സമരമാരംഭിച്ചിട്ടെങ്കിലും പൊലീസിനെ അയക്കുകയല്ലാതെ അധികൃതരാരും പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ശില്‍ന പറഞ്ഞു.

ALSO READ:  പള്ളിയില്‍വെച്ച് പിരിവ് നടത്തിയതില്‍ കേസെടുക്കണമെന്ന് സി.പി.ഐ.എം, പിരിവുമായി മുന്നോട്ടെന്ന് മുസ്ലിം ലീഗ്; ജയരാജന്റെ പേരില്‍ വ്യാജ പ്രചരണം

ഇത്രയും ദിവസമായി കളക്ടറടക്കം മേലധികാരികളൊന്നും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. സഹികെട്ടാണ് ഞങ്ങള്‍ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് കത്ത് പോസ്റ്റ് ചെയ്തത്.

ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ച് തങ്ങള്‍ക്കൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് ശില്‍ന പറയുന്നു. ഒരു ദിവസം രാവിലെ പൊലീസിനെയും കൂട്ടി അധികൃതര്‍ സര്‍വ്വെ കല്ലിട്ടു പോവുകയായിരുന്നു. സര്‍വ്വെ കല്ലിടുന്ന സമയത്താണ് പ്രതിഷേധിച്ചതിന് ഞങ്ങളെ അറസ്റ്റ് ചെയ്തത്. രാവിലെ പിടിച്ചുകൊണ്ടുപോയി വൈകുന്നേരമാണ് വിട്ടത്. ഒരാളെ ഏകദേശം നാല് പൊലീസുകാര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ട് പോവുകയാണ് ചെയ്തത്. ഇക്കൂട്ടത്തില്‍ ചെറിയ കുട്ടികളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും വയസ്സായ അമ്മമാരുമൊക്കെ ഉണ്ടായിരുന്നുവെന്നും ശില്‍ന പറയുന്നു.

ഈ മാസം അവസാനം ഞങ്ങള്‍ക്ക് കുടിയിറങ്ങാന്‍ ആവശ്യപ്പെട്ടുള്ള നോട്ടിഫിക്കേഷന്‍ കിട്ടും. അതോടെ ഞങ്ങള്‍ ഇവിടെ നിന്ന് പോവേണ്ടി വരും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തെഴുതുന്നതെന്ന് തുരുത്തിയിലെ താമസക്കാരിയും ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയുമായ അനുപമയും പറയുന്നു.

തുരുത്തിയിലെ സമരത്തിന് ദളിത് സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും പിന്തുണയുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്ന് അലൈന്‍മെന്റുകളാണ് ദേശീയപാത അതോറിറ്റി തയ്യാറാക്കിയിരുന്നത്. ഇതില്‍ ആദ്യ രണ്ട് അലൈന്‍മെന്റുകള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അധികൃതര്‍ ഒഴിവാക്കുകയായിരുന്നു. ഒന്നാമത്തെ അലൈന്‍മെന്റ് ആര്‍ക്കും ഉപദ്രവകരമല്ലെന്നിരിക്കെയാണ് നാലുവളവുകളോട് കൂടിയുള്ള മൂന്നാമത്തെ അലൈന്‍മെന്റ് അധികൃതര്‍ തെരഞ്ഞെടുത്തത്.

വേളാപുരം മുതല്‍ തുരുത്തി വരെയുള്ള 500 മീറ്റര്‍ ദൂരത്തിലെ ഈ വളവുകള്‍ കാരണമാണ് ഈ കുടുംബങ്ങള്‍ക്ക് കുടിയിറങ്ങേണ്ടി വരുന്നത്. 50 മീറ്റര്‍ വിട്ട് ദേശീയപാത നിര്‍മിക്കാമെന്നിരിക്കെയാണ് പരിസ്ഥിതി പ്രധാന്യമുള്ള മേഖലയിലൂടെ റോഡ് നിര്‍മ്മിക്കുന്നത്.

We use cookies to give you the best possible experience. Learn more