യു.പിയില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി ബ്ലാക്ക്‌മെയില്‍ ചെയ്തു; അയല്‍വാസികള്‍ക്കെതിരെ കേസ്
national news
യു.പിയില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി ബ്ലാക്ക്‌മെയില്‍ ചെയ്തു; അയല്‍വാസികള്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd September 2024, 8:24 am

ലഖ്‌നൗ: പിറന്നാള്‍ ആഘോഷിക്കാനെന്ന വ്യാജേന ഹോട്ടലില്‍ കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയതായി ദളിത് പെണ്‍കുട്ടിയുടെ പരാതി. അയല്‍ക്കാരനായ യുവാവ് പെണ്‍കുട്ടിയെ ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നും പിന്നാലെ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തതായുമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ യുവാവിന്റെ സുഹൃത്തും സംഭവം നടന്നതായി വെളിപ്പെടുത്തിയിരുന്നു. ജന്മദിനം ആഘോഷിക്കാനെന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതായും ബലാത്സംഗത്തിനിരയാക്കിയതായും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. പിന്നാലെ യുവാവും സുഹൃത്തും ചേര്‍ന്ന് വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്.

യുവാക്കള്‍ രണ്ട് പേരും ചേര്‍ന്ന് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി കാര്യങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മഹോബയിലെ കോട്‌വാലി പൊലീസില്‍ പരാതി നല്‍കിയത്.

18 വയസ് പ്രായമുള്ള ദളിത് പെണ്‍കുട്ടിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ബ്ലാക്ക്‌മെയില്‍ ചെയ്തായും ഇവര്‍ക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി മഹോബ കോട്‌വാലി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ നാലാം തിയതി അയല്‍വാസികളായ ആദിത്യ സിങ്ങും സമീറും ചേര്‍ന്ന് പെണ്‍കുട്ടിയെ ജന്മദിനം ആഘോഷിക്കാമെന്ന് പറഞ്ഞ് ചാര്‍ഖാരി ബൈപ്പാസിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ആദിത്യ സിങ്ങ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും സമീര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതിനുപിന്നാലെ വീഡിയോ ക്ലിപ്പുപയോഗിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങി, മഹോബ കോട്‌വാലി സ്‌റ്റേഷനിലെ എസ്.എച്ച്.ഒ നരേന്ദ്ര പ്രതാപ് സിങ്ങ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പ്രതികളെ നിലവില്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഇരുവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Content Highlight: Dalit girl raped and blackmailed in UP; case against neighbors