ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. യു.പിയിലെ ദേഹാത് ജില്ലയിലാണ് സംഭവം. കേസില്‍ മുന്‍ ഗ്രാമത്തലവനും ഉള്‍പ്പെട്ടതായി പൊലീസ് പറഞ്ഞു.
ഒരാഴ്ച മുമ്പാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസമാണ് പീഡനവിവരം പുറത്തറിഞ്ഞത്- പൊലീസ് സൂപ്രണ്ട് കേശവ് കുമാര്‍ ചൗധരി പറഞ്ഞു.
യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് ബലാത്സംഗം നടന്നത്. ഗ്രാമത്തലവന്‍ ഉള്‍പ്പടെ രണ്ടു പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് എത്തുകയും യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു.
തോക്ക് ചൂണ്ടി പേടിപ്പിച്ചായിരുന്നു പീഡനം. വിവരം പുറത്തറിയിച്ചാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി വീട്ടുകാരെ അറിയിച്ചത്. ഇതോടെ യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിന്‍മേല്‍ നടപടിയെടുക്കുമെന്ന് ദേഹാത് പൊലീസ് പറഞ്ഞു.
ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.