ചണ്ഡീഗഡ്: പരീക്ഷ എഴുതാന്‍ അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ദളിത് യുവതി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. പരീക്ഷ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് അവസരം നിഷേധിക്കപ്പെട്ടതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പ്രാഥമിക വിവരം. പിന്നാലെ കോളേജിനെതിരെ കേസെടുത്തു.
ഫര്‍തിയ ഭീം ഗ്രാമത്തിലെ 22കാരിയായ ദീക്ഷയാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ദീക്ഷ. നിലവില്‍ നടക്കുന്ന അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ 35000 രൂപ കുടിശ്ശികയായതിനെ തുടര്‍ന്നാണ് അവസരം നിഷേധിക്കപ്പെട്ടത്.
വിദ്യാര്‍ത്ഥിനിക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നും ഫീസ് അടക്കാന്‍ സമയം നീട്ടി നല്‍കണമെന്നും പിതാവ് കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിതാവിന്റെ ആവശ്യം കോളേജ് നിരസിക്കുകയായിരുന്നു.
ഡിസംബര്‍ 24നാണ് വിദ്യാര്‍ത്ഥിനി വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്. രക്ഷിതാക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയും ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
പിന്നാലെ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് കോളേജില്‍ നിന്നും വിദ്യാര്‍ത്ഥിനിക്ക് സമ്മര്‍ദമുണ്ടായിരുന്നതായും ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കോളേജ് പ്രിന്‍സിപ്പല്‍, കോളേജ് ഉടമ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
അതേസമയം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇന്നലെ (ഡിസംബര്‍ 31) ഹരിയാന സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് മന്ത്രി കൃഷ്ണ ബേദി പറയുകയുണ്ടായി.