| Tuesday, 19th June 2018, 5:01 pm

വീടുണ്ട്, കയറിക്കിടക്കാന്‍ വയ്യ: ദളിത് കുടുംബത്തിന്റെ സ്ഥലത്തിനു ചുറ്റും മണ്ണെടുത്തതായി പരാതി

ശ്രീഷ്മ കെ

ഇരിങ്ങാലക്കുട: ദളിത് കുടുംബത്തിന്റെ വീടിരിക്കുന്ന സ്ഥലത്തിനു ചുറ്റും മണ്ണെടുത്ത് ഉപയോഗിക്കാനാകാത്ത വിധത്തിലാക്കിയതായി പരാതി. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലാണ് വഴിക്കുള്ള സ്ഥലം പോലും ബാക്കിവയ്ക്കാതെ വീടിന്റെ ചുറ്റിലും രണ്ടാള്‍പ്പൊക്കത്തില്‍ മണ്ണെടുത്തിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിച്ച വസ്തുവാണ് ഉപയോഗിക്കാനാകാതെ വലയുന്നത്.

സ്വകാര്യ സ്ഥാപനത്തില്‍ ദിവസക്കൂലിക്കു ജോലി ചെയ്യുന്ന സൗദാമിനിയുടെ വീടിനു ചുറ്റുമുള്ള സ്ഥലം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു. വസ്തുവിലേക്കുണ്ടായിരുന്ന വഴി ഇയാള്‍ വാങ്ങിക്കുകയും, പകരം വഴി നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിലവില്‍ ഈ രണ്ടു വഴികളും ഇല്ലാത്ത വിധത്തില്‍ മണ്ണെടുത്ത് വീടു നില്‍ക്കുന്ന ഒരു തുരുത്തു മാത്രം ബാക്കിവച്ച അവസ്ഥയിലാണ്. മകളുടെ ചികിത്സാസംബന്ധമായ ആവശ്യങ്ങള്‍ക്കായി കുടുംബവീട്ടില്‍ താമസിച്ചു വരികയായിരുന്ന ഇവരെ കബളിപ്പിച്ചതായാണ് പരാതി.

“ചുറ്റുമുള്ള വസ്തുവിന്റെ ഉടമസ്ഥനെ പല തവണ പോയിക്കണ്ട് കാര്യം പറഞ്ഞിരുന്നുവെങ്കിലും ശരിയാക്കാം എന്നായിരുന്നു മറുപടി. മാസങ്ങള്‍ക്കു മുന്‍പേ ഈയാവശ്യവുമായി ചെന്നപ്പോഴാണ് സ്ഥലം താന്‍ വിറ്റു കഴിഞ്ഞെന്നും, പുതിയ ഉടമസ്ഥരുമായി സംസാരിക്കാനും പറയുന്നത്.” സൗദാമിനിയുടെ മകള്‍ ആയില്യ ഡൂള്‍ ന്യൂസിനോടു പറഞ്ഞു. മൂരിയാട് സര്‍വീസ് സഹകരണ ബാങ്കിനാണ് ഇപ്പോള്‍ സ്ഥലത്തിന്റെ ഉടമസ്ഥത. “അവരോടു പറഞ്ഞപ്പോളാണെങ്കില്‍, സ്ഥലം ഞങ്ങള്‍ വിലയ്ക്കു വാങ്ങിക്കാം, വീടു പൊളിച്ചെടുത്തു പൊയ്‌ക്കോളൂ എന്നാണ് മറുപടി. വീടും കൊണ്ട് ഞങ്ങള്‍ എങ്ങോട്ടു പോകാനാണ്?” ആയില്യ ചോദിക്കുന്നു.

പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ഭൂരഹിത-ഭവനരഹിത പുനരധിവാസ പദ്ധതിപ്രകാരം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്താണ് 2000ല്‍ സൗദാമിനിക്കും കുടുംബത്തിനും വസ്തു വാങ്ങാന്‍ സ്ഥലമനുവദിക്കുന്നത്. റെയില്‍പ്പാളത്തോടു ചേര്‍ന്നുള്ള ഈ മൂന്നു സെന്റ് സ്ഥലത്തിന്റെ തെക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളില്‍ നിന്ന് ഇരുപത് അടിയിലധികം താഴ്ചയില്‍ മണ്ണെടുത്തതായി സൗദാമിനി ജില്ലാ കലക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടു വര്‍ഷത്തിലധികം സമയമെടുത്ത് പതിനായിരക്കണക്കിന് ലോഡ് മണ്ണാണ് ചുറ്റില്‍ നിന്നും എടുത്തു വിറ്റിട്ടുള്ളത് എന്നാണ് ആരോപണം. വടക്കുഭാഗത്തു നിന്ന് മറ്റൊരു സ്വകാര്യവ്യക്തിയും സ്ഥലമെടുത്തിട്ടുണ്ട്.


Also Read: “വൈദ്യുതി മോഷ്ടിച്ച എത്ര മുസ്‌ലീങ്ങള്‍ക്കെതിരെ കേസെടുത്തു: കണക്ക് തന്നില്ലെങ്കില്‍ വിവരമറിയും”; എഞ്ചിനീയറെ ഭീഷണിപ്പെടുത്തുന്ന യു.പി ബി.ജെ.പി എം.എല്‍.എയുടെ ടെലിഫോണ്‍ സംഭാഷണം പുറത്ത്


ആവണക്കുംപറമ്പില്‍ ഷാജു, പുളിക്കത്തറ കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് മണ്ണെടുക്കാന്‍ മുന്‍കൈയെടുത്തത് എന്നാണ് പരാതി. സ്ഥലത്തെ പൊതുപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ചേര്‍ന്നതായി ആരോപണമുണ്ട്. മണ്ണെടുത്തു തുടങ്ങിയ സമയത്തുതന്നെ ഇതിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വീട്ടുകാരെയും നാട്ടുകാരെയും ഇവര്‍ സ്വാധീനിക്കുകയായിരുന്നുവെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. സ്ഥലത്തിന്റെ നിലവിലെ ഉടമസ്ഥരായ സഹകരണബാങ്കും അനുകൂലമായ നടപടിയല്ല സ്വീകരിച്ചിരിക്കുന്നത്.

“ഈ കുടുംബത്തോട് സാമൂഹികപ്രവര്‍ത്തകരടക്കം എല്ലാവരും കാണിക്കുന്നത് ക്രൂരതയാണ്. ചുറ്റിലും മണ്ണെടുത്ത നിലയില്‍ ഈ വീട് ആദ്യം കണ്ടപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതോ, പൊളിച്ചുമാറ്റാനായി നിര്‍ത്തിയിരിക്കുന്നതോ ആണെന്നാണ് കരുതിയത്. എന്നാല്‍, സര്‍ക്കാരിന്റെ കനിവില്‍ കിട്ടിയ വീടും സ്ഥലവും ചില സ്വകാര്യവ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ കാരണം ഉപയോഗിക്കാകാതെ ബുദ്ധിമുട്ടുകയാണെന്ന് വൈകിയാണ് അറിഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ കഷ്ടതയനുഭവിക്കുന്ന കുട്ടികളുള്ള ഈ കുടുംബത്തിന് വൈകിയെങ്കിലും നീതി ലഭിച്ചേ തീരൂ.” പ്രദേശവാസി ഡൂള്‍ ന്യൂസിനോടു പറഞ്ഞു.

പരാതിപ്പെടാനുള്ള ഭയവും നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും കുടുംബത്തിലെ ബുദ്ധിമുട്ടുകളും കാരണം ഇത്ര വര്‍ഷത്തിനിടയില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാന്‍ അമ്മയ്ക്കു സാധിച്ചില്ലെന്ന് ആയില്യ പറയുന്നു. “എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇപ്പോഴെങ്കിലും നിയമനടപടികള്‍ക്കൊരുങ്ങാന്‍ അമ്മ തയ്യാറായത്. മണ്ണെടുക്കാന്‍ കൂട്ടുനിന്നിട്ടുള്ളവരെല്ലാം പണവും സ്വാധീനവുമുള്ളവരായതിനാല്‍ ഭയപ്പെട്ടു മാറിനില്‍ക്കുകയായിരുന്നു ഇതുവരെ. ഇപ്പോള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് ഇരിങ്ങാലക്കുട ആര്‍.ഡി.ഒയെ പോയിക്കണ്ടു പരാതിയുടെ പകര്‍പ്പും നല്‍കി. ഒരു തീര്‍പ്പുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ.” ആയില്യ പറഞ്ഞു.

ആത്മഹത്യയുടെ വക്കിലാണ് താനും കുടുംബവുമെന്ന് സൗദാമിനി പറയുന്നു. അനധികൃതമായി മണ്ണെടുത്തു വില്പന നടത്തുന്ന മാഫിയക്കാര്‍ കാരണം ആകെയുള്ള തുണ്ടു ഭൂമി കൂടി കൈവിട്ടു പോകുമെന്ന ഘട്ടത്തിലാണ് ഇവര്‍ നടപടിയാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരിക്കുന്നത്. പരാതിയിന്മേല്‍ എന്തു നടപടിയാണ് റെവന്യു ഡിവിഷനല്‍ ഓഫീസര്‍ കൈക്കൊള്ളുക എന്നറിയാനാണ് ഇനി സൗദാമിനിയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പ്.

ശ്രീഷ്മ കെ

We use cookies to give you the best possible experience. Learn more