| Thursday, 22nd September 2022, 9:41 am

ദളിത് ബാലന്റെ സ്പര്‍ശനത്തില്‍ ദേവതയുടെ വിഗ്രഹം അശുദ്ധിയായി; കുടുംബത്തിന് 60,000 രൂപ പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ പ്രമുഖ ഗ്രാമദൈവമായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ തൊട്ടതിന് ദളിത് കുടുംബത്തിന് പിഴ ചുമത്തി ഗ്രാമവാസികള്‍.. കര്‍ണാടകയിലെ ഉള്ളേരഹള്ളിയിലാണ് സംഭവം.

സെപ്റ്റംബര്‍ എട്ടിന് ഗ്രാമത്തില്‍ ഭൂതയമ്മ മേള നടന്നിരുന്നു. ഈ ചടങ്ങിന് ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനിടെ ദളിത് വിഭാഗത്തില്‍പ്പെട്ട രമേശ്-ശോഭ ദമ്പതികളുടെ മകന്‍ ഗ്രാമ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ തൊട്ടത്.

ഗ്രാമവസായായി വെങ്കിടേശ്വരപ്പ വിഷയം ശ്രദ്ധിക്കുകയും ഗ്രാമത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായും ആരോപിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ കുട്ടിയുടെ മാതാപിതാക്കളെ ഗ്രാമത്തലവന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഗ്രാമവാസികള്‍ പ്രക്ഷുഭ്തരാണെന്നും ദളിത് കുടുംബം ഗ്രാമവാസികളെ അപകീര്‍ത്തിപ്പെടുത്തിയെന്നും ഗ്രാമവാസികള്‍ പറയുന്നു. ദളിത് ബാലന്‍ തൊട്ടതുകൊണ്ട് വിഗ്രഹം അശുദ്ധമായെന്നാണ് ഇവരുടെ വാദം. വിഗ്രഹം പൂര്‍ണമായും രണ്ടാമത് പെയിന്റ് ചെയ്യണമെന്നും ഗ്രാമത്തലവന്‍ കുടുംബത്തോട് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രാമത്തിലെ മുതിര്‍ന്നയാളായ നാരായണസ്വാമിയാണ് കുടുംബത്തിന് 60,000രൂപ പിഴ ചുമത്തിക്കൊണ്ട് ഉത്തരവിട്ടത്. ഒക്ടോബര്‍ ഒന്നിന് മുമ്പ് തുക അടച്ചുതീര്‍ക്കണമെന്നാണ് ഉത്തരവ്. പറഞ്ഞ തീയതിക്ക് മുമ്പ് തുക അടച്ചില്ലെങ്കില്‍ കുടുംബത്തിന് ഗ്രാമത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ കുടുംബം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മസ്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം പരാതി നല്‍കിയതിന് പിന്നാലെ ഉയര്‍ന്ന ജാതിക്കാരില്‍ നിന്നും തങ്ങളുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും കുടുംബം പറയുന്നു.

Content Highlight: Dalit family in karnataka fined with Rs.60,000 as their child touched the goddess’s idol , orders villagers, eight people arrested after family filed a complaint in police

We use cookies to give you the best possible experience. Learn more