ബെംഗളൂരു: കര്‍ണാടകയില്‍ ദളിത് കുടുംബം സാമൂഹിക ബഹിഷ്‌ക്കരണം നേരിടുന്നതായി റിപ്പോര്‍ട്ട്. ശ്രീനിവാസ എന്ന ഗ്രാമത്തിലെ സുരേഷും കുടുംബവുമാണ് സാമൂഹിക ബഹിഷ്‌ക്കരണം നേരിടുന്നത്.
ഗ്രാമത്തില്‍ തന്നെയുള്ള മറ്റൊരു വ്യക്തിയുമായി സുരേഷ് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് 16,000 രൂപ പിഴയൊടുക്കണമെന്ന പഞ്ചായത്തിന്റെ തീരുമാനം അവഗണിച്ചതാണ് സാമൂഹിക ബഹിഷ്‌ക്കരണത്തിന് കാരണമായത്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണയിലാണ് സംഭവം. അതേ ഗ്രാമത്തില്‍ തന്നെയുള്ള മറ്റൊരു വ്യക്തിയുമായി സുരേഷ് വഴക്കുണ്ടാക്കിയെന്നും പിന്നാലെ സുരേഷിന്റെ കുടുംബത്തിന് 16,000 രൂപ പിഴ ചുമത്താന്‍ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നുവെന്നാണ് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പിഴയൊടുക്കാന്‍ സുരേഷ് വിസമ്മതിച്ചതോടെ മാഡിഗ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രാമത്തിലെ ആളുകളെല്ലാം കുടുംബത്തെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
സുരേഷിനും കുടുംബത്തിനും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും മതപരമായ ആഘോഷങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നെല്ലാം വിലക്കുണ്ട്. കുടുംബം താമസിക്കുന്ന തെരുവില്‍ നിന്നും മതപരമായ ഘോഷയാത്രകള്‍ നടത്തുന്നതും ഗ്രാമവാസികള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.
അതേസമയം സുരേഷും കുടുംബവും സാമൂഹിക ബഹിഷ്‌ക്കരണം നേരിടുന്നുണ്ടെന്ന ആരോപണം വരുണ പൊലീസ് നിഷേധിക്കുന്നുണ്ട്. സാമ്പത്തിക തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നും വിഷയം പഞ്ചായത്തില്‍ കൊണ്ടുപോയി പരിഹരിക്കുകയായിരുന്നുവെന്നുമാണ് സബ് ഇന്‍സ്‌പെക്ടര്‍ ചേതന്‍ വീര പറയുന്നത്.
ഇയാള്‍ക്ക് പൊതു കിണറ്റില്‍ നിന്ന് വെള്ളമെടുക്കാനും ഗ്രാമവാസികള്‍ക്കൊപ്പം പലചരക്ക് കടയില്‍ പോവാനും കഴിയുന്നുണ്ടെന്നും സാമൂഹിക ബഹിഷ്‌ക്കരണം നേരിടുന്നില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
Content Highlight: Dalit family faces social ostracism in Karnataka, reports say