| Sunday, 17th June 2018, 10:51 am

അമ്മയുടെ മൃതദേഹം സംസ്‌കരിക്കാനിടമില്ലാതെ ദളിത് കുടുംബം; ഒടുവില്‍ റോഡരികില്‍ ചിതയൊരുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: നാട്ടില്‍ പൊതുശ്മശാനം ഇല്ലാത്തതിനാല്‍ റോഡരികില്‍ അമ്മയുടെ മൃതദേഹം സംസ്‌കരിക്കേണ്ടി വന്ന ഗതികേടിലാണ് ചെങ്ങന്നൂരില്‍ മരിച്ച കുട്ടിയമ്മയുടെ കുടുംബം. മൂന്ന് വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ചു മരിച്ച കുട്ടിയമ്മയുടെ മകനെയും റോഡരികില്‍ തന്നെ ചിതയൊരുക്കി സംസ്‌കരിക്കേണ്ടി വന്നിരുന്നു ഈ കുടുംബത്തിന്.

ഒന്നര സെന്റ് ഭൂമിയില്‍ രണ്ട് കൊച്ചു മുറികള്‍ മാത്രമുള്ള വീട്ടിലായിരുന്നു 82 കാരിയായ കുട്ടിയമ്മ മരുമകളോടും പേരക്കുട്ടിയോടുമൊപ്പം താമസിച്ചിരുന്നത്. വെള്ളിയാഴ്ചയായിരുന്നു കുട്ടിയമ്മയുടെ മരണം. വീട് നില്‍ക്കുന്ന തുണ്ട് ഭൂമിയില്‍ ദഹിപ്പിക്കാനുള്ള ഇടമില്ലാത്തതിനാല്‍ ഒടുവില്‍ റോഡരികില്‍ തന്നെ സംസ്‌കരിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ചെങ്ങന്നൂരില്‍ ഒരു പൊതു ശ്മശാനം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി തുടരുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരു നടപടികളുമുണ്ടാകാത്തതാണ് നാട്ടിലെ പാവപ്പെട്ട കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുന്നത്. കുട്ടിയമ്മയ്ക്ക് ചിതയൊരുക്കുന്നതിനു വേണ്ടി താമസിക്കുന്ന വീടിന്റെ ഷീറ്റ് വരെ പൊളിക്കേണ്ടി വന്നു കുടുംബത്തിന്.


Also Read:വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് നികുതിവെട്ടിക്കാന്‍; സുരേഷ് ഗോപിയ്ക്കും അമലപോളിനുമെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്


കുമരകത്തു നിന്നും ഇരുമ്പ് പെട്ടി കൊണ്ടുവന്നാണ് ചിതയൊരുക്കിയത്. വീടിനോട് ചേര്‍ന്നുള്ള റോഡരികില്‍ തന്നെ ദഹിപ്പിച്ചതിനാല്‍ വീടിനകത്തേക്ക് തള്ളിക്കയറുന്ന പുകയും മണവും തടയാന്‍ ജനല്‍ തകരഷീറ്റ് വെച്ച് മറച്ചിരിക്കുകയാണ്.

നാട്ടുകാര്‍ പൊതു ശ്മശാനം എന്ന ആവശ്യവുമായി നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. പക്ഷെ പരിഹാരമൊന്നുമായില്ലെന്നാണ് ഇവര്‍ പറയുന്നത്. കുട്ടിയമ്മയുടെ മകന്‍ ശശിയെയും റോഡില്‍ തന്നെ സംസ്‌കരിക്കേണ്ടി വന്നപ്പോള്‍ ശ്മശാനത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമായിരുന്നു.

ഓരോ തവണയും പൊതു ശ്മശാനത്തിനുള്ള സ്ഥലം കണ്ടെത്തുമ്പോഴും പരിസരവാസികള്‍ എതിര്‍പ്പുമായി വന്ന് തടയുകയാണെന്നും ഇതാണ് ചെങ്ങന്നൂരില്‍ പൊതു ശ്മശാനം വരാത്തതിന് കാരണമെന്നുമാണ് അധികൃതരുടെ വാദം.

We use cookies to give you the best possible experience. Learn more