| Sunday, 15th September 2024, 12:17 pm

കര്‍ണാടകയില്‍ പോക്‌സോ കേസ് നല്‍കിയതിന് ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഉന്നതജാതിക്കാരനായ യുവാവിനെതിരെ പോക്‌സോ കേസ് നല്‍കിയതിന് കര്‍ണാടകയില്‍ ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്. വടക്കന്‍ കര്‍ണാടകയിലെ ഹുന്‍സഗിയിലെ ബപ്പരഗ ഗ്രാമത്തിലെ 15 വയസുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് നാരായണപുര പൊലീസ് 23കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. ചന്ദ്രശേഖര്‍ ഹനമന്തരായ ബിരാദാറാണ് അറസ്റ്റിലായത്. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

തുടര്‍ന്നാണ് ഗ്രാമത്തിലെ ദളിത് കുടുബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. ഗ്രാമത്തിലെ ഇതര ജാതിക്കാര്‍ കൂടിയാലോചിച്ചതിന് ശേഷമാണ് കുടുബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചത്. 50 ദളിത് കുടുംബങ്ങളെയാണ് ഗ്രാമത്തിലെ മേല്‍ജാതിക്കാര്‍ ചേര്‍ന്ന് ഊരുവിലാക്കിയത്.

വിലക്ക് ഗ്രാമത്തിലെ 250ഓളം ദളിതരെ ബാധിക്കുന്നതാണ്. ഇവര്‍ക്ക് കടകളില്‍ നിന്ന് ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഗ്രാമം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ ഊരുവിലക്കില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഇടപ്പെട്ടു. സംഭവത്തില്‍ യാദ്ഗിര്‍ കളക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

അഞ്ച് മാസം മുമ്പ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പീഡനം നടന്ന വിവരം 15 വയസുകാരിയുടെ അമ്മ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവാവിന്റെ വീട്ടുകാര്‍ വിസമ്മതിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനുപിന്നാലെ കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Content Highlight: Dalit family banned for filing POCSO case

We use cookies to give you the best possible experience. Learn more