ബുലന്‍ദ്ഷഹര്‍: ബി.ജെ.പി നേതാവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യെന്ന പോസ്റ്ററുകള്‍ വീടിന്റെ മുന്നില്‍ പതിപ്പിച്ച് ദളിത് കുടുംബങ്ങള്‍. ഉത്തര്‍പ്രദേശിലെ ബുലന്‍ദ്ഷഹര്‍ ജില്ലയിലെ ദേവ്‌രല ഗ്രാമത്തിലെ നാല് കുടുംബങ്ങളാണ് വീടിന്റെ മുന്നില്‍ കൈകൊണ്ടെഴുതിയ പോസ്റ്റര്‍ പതിപ്പിച്ചത്.
ആരണ്യ ബ്ലോക്കിലെ ബി.ജെ.പി നേതാവിന്റെയും അണികളുടെയും ഉപദ്രവം സഹിക്കാന്‍ വയ്യെന്നും വീടും നാടും ഉപേക്ഷിച്ച് പോകാന്‍ സമ്മര്‍ദമുണ്ടെന്നും വീടിന് മുന്നില്‍ പതിപ്പിച്ച പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
അതേസമയം ഈ പോസ്റ്ററുകള്‍ നിരവധി തവണ പൊലീസ് കീറിക്കളയാന്‍ ശ്രമിച്ചുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
മെയ് 14ന് മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കുകളായ അച്ചാൻ കുമാര്‍ (27), സച്ചിന്‍ ഗൗതം (25), എന്നിവര്‍ ജോലി കഴിഞ്ഞ് തിരികെ വരുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകനായ സുരേന്ദ്ര പ്രമുഖ് അടക്കമുള്ള സംഘം ആക്രമിച്ചുവെന്ന് കുടുംബം പറഞ്ഞു.
അതേ ദിവസം രാവിലെ സുരേന്ദ്ര പ്രമുഖിന്റെ വീടിന്റെ മുന്നില്‍ നിന്ന് കളിച്ചുവെന്ന് ആരോപിച്ച് അയാളുടെ മകന്‍ അച്ചാൻ കുമാറിന്റെ മകനെ മര്‍ദിച്ചതായി അച്ചാൻ കുമാറിന്റെ പിതാവ് വിജേന്ദ്ര സിങ് പറഞ്ഞു. തുടര്‍ന്നാണ് രാത്രി മര്‍ദനം നടന്നത്. ഇത് മുന്‍കൂട്ടി പദ്ധതിയിട്ട് അക്രമിച്ചതാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
‘ഞങ്ങള്‍ അത് എതിര്‍ത്തിരുന്നു. പിന്നെ വൈകുന്നേരം കേള്‍ക്കുന്നത് മര്‍ദിച്ചുവെന്ന വാര്‍ത്തയാണ്. ഇഷ്ടികകള്‍ കൊണ്ടും വടി കൊണ്ടും അവരെ മര്‍ദിച്ചു. അവരുടെ തലയ്ക്ക് മാരകമായി പരിക്കുകളുണ്ട്,’ വിജേന്ദ്ര സിങ് പറഞ്ഞു. അച്ചാൻ കുമാര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.
സംഭവം പൊലീസില്‍ അറിയിച്ചപ്പോള്‍ ആദ്യമൊന്നും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.
30-40 ആളുകള്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചതിന് ശേഷമാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് സുരേന്ദ്രക്കും മറ്റ് എട്ട് പേര്‍ക്കുമെതിരെ വധശ്രമം, കലാപത്തിനുള്ള ശ്രമം, ക്രിമിനല്‍ ഭീഷണി എന്നീ കേസുകള്‍ ചുമത്തുകയായിരുന്നു.
‘ദേവ്‌രാല സ്വദേശികളായ ഭൂര സിങ്, ബാബ്ലു കുമാര്‍, ഗൗതം കുമാര്‍, എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. ഒരുപാട് അറസ്റ്റുകള്‍ നടക്കും,’ ശികാര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കമേഷ് കുമാര്‍ പറഞ്ഞു.
CONTENT HIGHLIGHTS: DALIT FAMILIES AGAINST BJP LEADER