പ്രവേശനം വിലക്കിയ ക്ഷേത്രത്തില്‍ പ്രവേശിച്ച് 300ഓളം ദളിത് ഭക്തര്‍; സംരക്ഷണം ഒരുക്കി പൊലീസുകാര്‍
national news
പ്രവേശനം വിലക്കിയ ക്ഷേത്രത്തില്‍ പ്രവേശിച്ച് 300ഓളം ദളിത് ഭക്തര്‍; സംരക്ഷണം ഒരുക്കി പൊലീസുകാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd January 2023, 8:02 pm

ചെന്നൈ: 200 വര്‍ഷത്തോളം പ്രവേശനം വിലക്കപ്പെട്ട ക്ഷേത്രത്തില്‍ പ്രവേശിച്ച് ദളിത് ഭക്തര്‍. തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിലെ 200 വര്‍ഷം പഴക്കമുള്ള വരദരാജ പെരുമാള്‍ ക്ഷേത്രത്തിലാണ് ദളിത് വിഭാഗത്തില്‍ നിന്നുമുള്ള ഭക്തര്‍ പ്രവേശിച്ചത്. 300ഓളം വരുന്ന ഭക്തര്‍ക്ക് 400ഓളം പൊലീസുകാരാണ് സംരക്ഷണം ഒരുക്കിയത്.

200 വര്‍ഷത്തോളം ഇവരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. 2008ല്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് സവര്‍ണ ഹിന്ദുക്കളും ദളിത് വിഭാഗവും തമ്മില്‍ വലിയ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന് പുറത്ത് പൊതുഇടങ്ങളില്‍ നടക്കുന്ന ഉത്സവങ്ങളില്‍ പോലും പങ്കെടുക്കുന്നതില്‍ നിന്നും ദളിതരെ വിലക്കിയിരുന്നു.

രണ്ട് തലമുറയിലേറെയായി ഞങ്ങളെ ഒരിക്കലും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നില്ലെന്ന് ഗ്രാമവാസിയായ എം. ഇളയപെരുമാള്‍ പറഞ്ഞു. ‘സവര്‍ണരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ക്ഷേത്രമാണെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. ഒരിക്കലും അതിലേക്ക് കടക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ ഇത് ഒരു സര്‍ക്കാര്‍ ക്ഷേത്രമാണെന്ന് അടുത്തിടെയാണ് ഞങ്ങള്‍ മനസിലാക്കിയത്. ഇതുവരെ സവര്‍ണ ഹിന്ദുക്കളില്‍ നിന്നും ഞങ്ങള്‍ വിവേചനമാണ് നേരിട്ടുകൊണ്ടിരുന്നത്, ഇളയപെരുമാള്‍ പറഞ്ഞു.

2022 ജൂണില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള ദളിതരുടെ അവകാശം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും ആര്‍.ഡി.ഒയ്ക്കും പരാതി നല്‍കിയതായി ഗ്രാമത്തിലെ സാമൂഹിക പ്രവര്‍ത്തകന്‍ വി. ശരവണന്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ സമാധന യോഗത്തില്‍ ദളിത് വിഭാഗക്കാരുടെ ക്ഷേത്രപ്രവേശനത്തില് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് സവര്‍ണ വിഭാഗത്തില്‍ പെട്ട ഹിന്ദുക്കളും വ്യക്തമാക്കി.

തുടര്‍ന്ന് ഡിസംബര്‍ ആറിന് ക്ഷേത്രത്തില് പ്രവേശിക്കാന്‍ ദളിതര്‍ക്കും അവകാശമുണ്ടെന്ന് ആര്‍.ഡി.ഒ മറുപടി നല്‍കുകയായിരുന്നു. 200 വര്‍ഷങ്ങളായി നിഷേധിക്കപ്പെട്ട അവകാശം ഇപ്പോള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ശരവണന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Dalit devotees enter the forbidden temple