മദ്യപിച്ച് സ്‌കൂട്ടറോടിച്ചതിന് പിഴ അടയ്ക്കാത്തതിനുള്ള പെറ്റിക്കേസിന്റെ പേരിലാണ് കുഞ്ഞുമോനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
കുണ്ടറ : പെറ്റിക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ദളിത് യുവാവ് മരണപ്പെട്ടു. പെരിനാട് തൊണ്ടിറക്ക് മുക്കിനു സമീപം പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്‍ എന്ന 39 കാരനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്.
തലക്കേറ്റ അടിയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ശനിയാഴ്ച രാത്രി 1 മണിയോടെ കുഞ്ഞുമോനെ കുണ്ടറ പോലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുകയായിരുന്നു.
മദ്യപിച്ച് സ്‌കൂട്ടറോടിച്ചതിന് പിഴ അടയ്ക്കാത്തതിനുള്ള പെറ്റിക്കേസിന്റെ പേരിലാണ് കുഞ്ഞുമോനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വീടിനടുത്ത് തന്നെ താമസിക്കുന്ന കെ.പി.എം.എസ് പ്രവര്‍ത്തകനെയോ വക്കീലിനെയോ വിളിക്കാന്‍ പോലും കുഞ്ഞുമോനെ പോലീസ് അനുവദിച്ചില്ലെന്നും കുഞ്ഞുമോന്റെ അമ്മ ചെല്ലമ്മ പറയുന്നു.
പിറ്റേ ദിവസം രാവിലെ പിഴ തുകയായ 3000 രൂപ സ്റ്റേഷനിലെത്തി ഏല്‍പ്പിച്ചെന്നും തിരികെ വീട്ടിലെത്തിയ ശേഷം 10 മണിയോടെ സ്റ്റേഷനില്‍ ചെല്ലണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍ വരികയായിരുന്നെന്നും കുഞ്ഞുമോന്റെ അമ്മ പറയുന്നു.
കുഞ്ഞുമോന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പോലീസുകാര്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോള്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പറഞ്ഞു. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
തിരുവനന്തപുരം ആശുപത്രയിലെ ഒരു ഡോക്ടര്‍ വന്ന്, ആരാണ് ഇയാളുടെ തലയ്ക്കടിച്ചതെന്ന് ചോദിച്ചപ്പോഴാണ്, മകന്റെ തലയ്ക്ക് ക്ഷതമേറ്റ വിവരം താനറിയുന്നതെന്നും ചെല്ലമ്മ പറഞ്ഞു.
ഒക്ടോബര്‍ 26 ബുധനാഴ്ച വൈകിട്ടാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് കുഞ്ഞുമോന്‍ മരിക്കുന്നത്. തന്റെ മകന്‍ ആര്‍ക്കും ഒരു ഉപദ്രവും ചെയ്തിട്ടില്ലെന്നും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ഇത്തരത്തില്‍ മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും ചെല്ലമ്മ പറയുന്നു.
ഇതുവരെ ഒരു പോലീസ് കേസ് പോലും കുഞ്ഞുമോന്റെ പേരിലില്ലെന്ന് നാട്ടുകാരും പറയുന്നു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന കുഞ്ഞുമോനെ ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോലീസുകാര്‍ സ്ഥലം വിടുകയായിരുന്നു. കുഞ്ഞുമോന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു