| Tuesday, 28th December 2021, 10:30 am

സ്ഥിരം ജോലി ലഭിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡ് വിട്ട് പോവാനും തയാറാണ്: സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയ ദളിത് പാചകത്തൊഴിലാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ദല്‍ഹി സര്‍ക്കാര്‍ ജോലി നല്‍കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ നിന്നും വരാന്‍ തയാറാണെന്ന് ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട് ദളിത് പാചകത്തൊഴിലാളിയായ സുനിത ദേവി. ദളിത് സമുദായാംഗമാണെന്നത് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡിലെ സുഖിദാങ്ങിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇവര്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ഇവരെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയിരുന്നു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. സുനിതക്ക് ജോലി നല്‍കാന്‍ തയാറാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതം അറിയിച്ചത്.

‘ഈ സംഭവത്തിന് ശേഷം ജോലി നല്‍കാമെന്ന് പറഞ്ഞ് ആരും വന്നിട്ടില്ല. പക്ഷേ അങ്ങനെ സ്ഥിരമായുള്ള സര്‍ക്കാര്‍ ജോലി ലഭിക്കുകയാണെങ്കില്‍ ഞാനീ ഉത്തരാഖണ്ഡില്‍ നിന്നു തന്നെ പോകും. പാചകത്തൊഴില്‍ കൊണ്ട് എന്റെ കുട്ടികളെ പഠിപ്പിക്കാനാവില്ല,’ ടൈംസ് ഒഫ് ഇന്ത്യയോട് സുനിത പറഞ്ഞു.

സുനിത ദേവിയെ പുറത്താക്കിയതിന് പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കവേയാണ് സുനിത ദേവിക്ക് രാജേന്ദ്ര പാല്‍ ഗൗതം ജോലി വാഗ്ദാനം നല്‍കിയത്. ‘ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ങ് ദാമി സംഭവത്തില്‍ നടപടി സ്വീകരിച്ച് സുനിതക്ക് നീതി ഉറപ്പാക്കേണ്ടതാണ്. മാത്രവുമല്ല ഇങ്ങനെയൊരു സംഭവത്തില്‍ അവരോട് മാപ്പ് പറയാനും മുഖ്യമന്ത്രി തയാറാവേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല എന്ന് പറഞ്ഞ സുനിത നീതി ലഭിച്ചില്ലെങ്കില്‍ നിയമനനടപടികളിലേക്ക് കടക്കുമെന്നും പറഞ്ഞു. തങ്ങളുടെ ഗ്രാമത്തില്‍ ‘സവര്‍ണ’കുടുംബത്തിലുള്ളവര്‍ അവര്‍ണരുടെ വീടുകളില്‍ വരില്ലെന്നും അവരുടെ വീട്ടിലേക്കും തങ്ങളും പോവാറില്ലെന്നും സുനിത പറയുന്നു.

ഡിസംബര്‍ 13 നാണ് 230 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ സുനിത പാചകത്തൊഴിലാളിയായി പ്രവേശിച്ചത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ പിറ്റെന്നാള്‍ സുനിത പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ തയാറായില്ല. സംഭവം അന്വേഷിച്ച ജില്ലയിലെ മുഖ്യവിദ്യഭ്യാസ ഓഫീസര്‍ സുനിതയുടെ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അവരെ പുറത്താക്കുകയാണുണ്ടായത്.

എന്നിരുന്നാലും സുനിതയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് 23 വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വന്നിരുന്നു. പുതിയതായി നിയമിച്ച സവര്‍ണ സമുദായത്തില്‍ നിന്നുള്ള പാചകത്തൊഴിലാളി പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ ഇവര്‍ തയാറായുമില്ല. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ങ് ദാമി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ചമ്പാവത്തിലെ ജില്ലാ മജിസ്‌ട്രേറ്റ് സംഭവം അന്വേഷിക്കാന്‍ മുഖ്യവിദ്യാഭ്യാസ ഓഫീസറിനെ അധ്യക്ഷനാക്കി ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ട്.

ചിത്രം കടപ്പാട്: ദി പ്രിന്റ്‌

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: dalit cook ready to move to move to delhi if she gets govt job

We use cookies to give you the best possible experience. Learn more